മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും
പുതിയ സത്യവാങ്ങ്മൂലം നൽകണമെന്ന് ആവശ്യം
സുൽത്താൻ ബത്തേരി: ആക്‌ഷൻ കമ്മറ്റിയുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ സുപീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയതിനെതിരെ ജില്ലയിൽ വീണ്ടും ജനരോഷം ശക്തമാകുന്നു. ആക്ഷൻ കമ്മറ്റിയെയും ജനപ്രതിനിധികളെയും വിളിച്ചുചേർത്ത യോഗത്തിന്റെ തലേദിവസം തന്നെ സുപ്രീം കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയ ഉദ്യോഗസ്ഥലോബിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്ന് ദേശീയപാത 766 ആക്ഷൻ കമ്മറ്റി ചെയർമാൻകൂടിയായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ നവംബർ 20 നാണ് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, സി.കെ.ശശിന്ദ്രൻ എം.എൽ.എ, ഗതാഗതവകുപ്പ് സെക്രട്ടറി ജ്യോതിലാൽ എന്നിവരുടെ സന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്ങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി ചർച്ചചെയ്യാൻ ഡിസംബർ 11-ന് യോഗം ചേരാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികളും ആക്ഷൻ കമ്മറ്റി ഭാരവാഹികളും പങ്കെടുത്തുകൊണ്ട് സത്യവാങ്ങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി ചർച്ചചെയ്യുകയുണ്ടായി. എന്നാൽ ചർച്ച നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് തന്നെ സത്യവാങ്മൂലം സമർപ്പിച്ചുവെന്നാണ് പിന്നീട് പുറത്ത് വന്നത്.
സത്യവാങ്മൂലത്തിൽ സത്യവിരുദ്ധമായ കാര്യങ്ങൾ ഉൽകൊള്ളിച്ചാണ് അഫിഡവിറ്റ് നൽകിയതെന്നാണ് ആക്‌ഷൻ കമ്മറ്റിയുടെ ആരോപണം.
യാത്ര നിരോധനത്തിനെതിരെയുള്ള ആക്‌ഷൻ കമ്മറ്റിയിൽ ഇനി തുടർന്ന് പ്രവർത്തിക്കണമോ എന്ന് മുന്നണിയിൽ തീരുമാനമെടുക്കുമെന്ന് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു.
സി.പി.എം നേതാവ് സുരേഷ് താളൂർ കൺവീനറും ഡി.സി.സി.പ്രസിഡന്റും എം.എൽ.എയുമായ ഐ.സി.ബാലകൃഷ്ണൻ ചെയർമാനും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജിശങ്കർ ട്രഷററുമായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അംഗങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു ദേശീയപാത 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്‌ഷൻ കമ്മറ്റി. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്ര നിരോധനത്തിനെതിരെ അനവധി നിരവധി പ്രക്ഷോഭ സമരങ്ങൾ നടക്കുകയുണ്ടായി. ആക്ഷൻ കമ്മറ്റിക്ക് പിന്തുണയുമായി ബത്തേരിയിലെ യുവജനകൂട്ടായ്മ 12 ദിവസം നീണ്ടുനിന്ന നിരാഹാര സമരംനടത്തി. ആക്ഷൻ കമ്മറ്റി മുന്നോട്ടുവെച്ച ആവശ്യങ്ങൾകൂടി പരിഗണിച്ചുകൊണ്ട് അഫിഡവിറ്റ് നൽകാമെന്ന് മന്ത്രിമാർ സമരപന്തലിലെത്തി ഉറപ്പ് നൽകിയതോടെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
സത്യവാങ്ങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് വെച്ച് ആക്ഷൻ കമ്മറ്റിയുമായി ചർച്ച നടത്തിയിരുന്നു. ചർച്ചകഴിഞ്ഞ് ജനപ്രതിനിധികളും ആക്ഷൻ കമ്മറ്റി ഭാരവാഹികളും മടങ്ങിയപ്പോഴാണ് സത്യവാങ്ങ്മൂലം ചർച്ചയുടെ ഒരു ദിവസം മുമ്പ് തന്നെ സമർപ്പിച്ച വിവരം പുറത്ത് വന്നത്.