ജനങ്ങളെ വിഭജിച്ച അധികാരികൾക്ക് ചരിത്രം മാപ്പ് നൽകിയിട്ടില്ല: കെ.ടി.ഹംസ മുസ്ലിയാർ
കൽപ്പറ്റ: പൗരത്വ നിയമഭേദഗതിക്കെതിരെ സമസ്ത കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച റാലി കൽപ്പറ്റ നഗരത്തെ ജനസാഗരമാക്കി. വൈകിട്ട് 4.30ഓടെ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റിയാണ് സമ്മേളന നഗരിയിലേക്ക് എത്തിയത്. പതിനായിരങ്ങൾ അണിനിരന്ന റാലി സമ്മേളന നഗരിയിൽ സമാപിച്ച ശേഷം നടന്ന പൊതുസമ്മേളനം സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വിഭജിച്ച അധികാരികൾക്ക് ചരിത്രം മാപ്പ് നൽകിയിട്ടില്ലെന്നും പൗരത്വ ഭേദഗതിയിലൂടെ ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിൻമാറുന്നില്ലെങ്കിൽ ആ ചരിത്രം വീണ്ടും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയുടെ മതേതരത്വത്തിനാണ് സർക്കാർ മുറിവേൽപ്പിച്ചത്. ഏറെ അപകടങ്ങൾ പതിയിരിക്കുന്നുവെന്ന കാരണത്താൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പൗരത്വം മുസ്ലിംകൾക്ക് നിഷേധിക്കുന്നത് ഭരണ ഘടനയോടുള്ള വെല്ലുവിളിയാണ്. ഈ അപകടകാരിയായ നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയുന്നത് വരെ ജനാധിപത്യ വിശ്വാസികൾ നടത്തുന്ന പ്രതിഷേധങ്ങളോടോപ്പം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുണ്ടാവും. സമസ്ത നടത്തുന്ന സമരങ്ങൾ ഇന്ത്യൻ നിയമ വ്യവസ്ഥകളെ മാനിച്ച് കൊണ്ട് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചും ഒരു സമരവും നടത്തില്ല. ഇതെല്ലാം രാജ്യത്തോടും രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുമുള്ള കൂറും കടപ്പാടുമുള്ളത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
സമസ്ത കോഓർഡിനേഷൻ ജില്ലാ ചെയർമാൻ പിണങ്ങോട് അബൂബക്കർ അദ്ധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ മെമ്പർ വി മൂസക്കോയ മുസ്ലിയാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഡോ ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാർ, എൻ.ഒ ദേവസ്യ, അഡ്വ. പി ചാത്തുക്കുട്ടി, എസ് മുഹമ്മദ് ദാരിമി, കെ.കെ അഹ്മദ് ഹാജി, ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് മുജീബ് തങ്ങൾ, ഇബ്റാഹിം ഫൈസി വാളാട്, എം ഹസൻ മുസ്ലിയാർ, എസ് മുഹമ്മദ് ദാരിമി, അഷ്റഫ് ഫൈസി, ഇബ്റാഹിം ഫെസി പേരാൽ, റാശിദ് ഗസ്സാലി കൂളിവയൽ, ഹാരിസ് ബാഖവി കമ്പളക്കാട്, മൊയ്തീൻ കുട്ടി യമാനി, പി ഇബ്റാഹിം ദാരിമി, ശൗഖത്തലി മൗലവി വെള്ളമുണ്ട, എം.മുഹമ്മദ് ബശീർ, മുഹമ്മദ് കുട്ടി ഹസനി, കെ.കെ.എം ഹനീഫൽ ഫൈസി, റസാ് കൽപ്പറ്റ, സയ്യിദ് മുജീബ് തങ്ങൾ, പി സുബൈർ, എ.കെ മുഹമ്മദ് ദാരിമി, പനന്തറ മുഹമ്മദ്, ഖാസിം ദാരിമി, സി കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. പി.സി ഇബ്റാഹിം ഹാജി സ്വാഗതവും കെ.എ നാസർ മൗലവി നന്ദിയും പറഞ്ഞു.