കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ സംഗമത്തിൽ സംഘര്‍ഷം. അക്രമസക്തരായ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും , ജലപീരങ്കിയും പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ്, കെ.പി.സി.സി സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എം നിയാസ്, ഡി.സി.സി ജന. സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, നിജേഷ് അരവിന്ദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍ എന്നിവരടക്കം 59 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോഴിക്കോട് ജെസിഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ രാവിലെ മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ഭാരത് ബച്ചാവോ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം നുറുകണക്കിനു പ്രവര്‍ത്തകരാണ് എത്തിയത്. കനത്ത പൊലീസ് സന്നാഹമാണ് ഹെഡ് പോസ്റ്റ് ഓഫിസിന്റെ രണ്ടു ഗേറ്റുകളിലും സമരത്തെ നേരിടാന്‍ ഒരുക്കിയത്. ശശി തരൂര്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങി പോയശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്. അരമണിക്കൂറോളം ഹെഡ്‌പോസ്റ്റ് ഓഫിസ് പരിസരം സംഘര്‍ഷഭരിതമായി. ഉദ്ഘാടനം കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെ രണ്ട് ഗെയിറ്റിലെയും പൊലീസ് വലയം ഭേദിച്ച് കോമ്പൗണ്ടില്‍ കടക്കുകയായിരുന്നു. ആദ്യമെത്തിയ കെ.എസ്.യുക്കാര്‍ക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ കോമ്പൗണ്ടില്‍ കടന്ന് കേന്ദ്ര സര്‍ക്കാറിനെതിരേ മുദ്രാവാക്യം മുഴക്കി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി അവര്‍ നരേന്ദ്രമോദിക്കെതിരോയ പ്രതിഷേധം പ്രകടിപ്പിച്ചു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: ടി.സിദ്ദിഖ്, കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.പ്രവീണ്‍കമാര്‍ എന്നിവരും ഇവിടേക്കെത്തി. ഓഫീസ് വരാന്തയില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും പിന്‍മാറിയില്ല. ഇതിനിടെ ഓഫിസിൻെറ വാതിലിലെ പൂട്ട് പൊട്ടിക്കാനും ശ്രമമുണ്ടായി. പിന്നീട് നരേന്ദമോദിയുടെ പോസ്റ്റ് ഓഫീസ് കോഴിക്കോട്ടെ പൊതുജനങ്ങള്‍ പിടിച്ചെടുത്തതായി ടി.സിദ്ദിഖ് പ്രഖ്യാപിച്ചു. നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് നീങ്ങി.

പുറത്തെത്തിയവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ജലപീരങ്കിയുടെ മുകളില്‍ കയറുകയും കൊടി സ്ഥാപിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഇവരെ പിടിച്ചുമാറ്റന്‍ തുനിയുകയും ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞ് പോകാതെ റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തവർക്ക് നേരെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു.

അരമണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസുകാരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിച്ചത്. നോര്‍ത്ത് അസി.കമ്മിഷണര്‍ എ.ജെ ബാബുവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

ലാത്തിയടിയിലും ജലപീരങ്കി പ്രയോഗത്തിലും കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് വി.പി ദുല്‍ഖിഫില്‍, ജില്ലാ സെക്രട്ടറി എ.കെ ജാനിബ്, ഷഹബാസ്, അര്‍ജുന്‍ ബോസ് എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു .