കൽപ്പറ്റ: രാജ്യത്ത് നടക്കുന്നത് ഫാസിസ്റ്റ് തേർവാഴ്ചയാണെന്നും, മതസൗഹാർദം നിലനിൽക്കുന്നിടത്ത് അത് തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇതിനെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും എം.കെ രാഘവൻ എം പി. പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം മോദി സർക്കാർ മുത്തലാഖ് ബില്ല് കൊണ്ടുവന്നു. പിന്നീട് കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞു. ഒടുവിൽ ഏറ്റവും അപകടകരമായ പൗരത്വനിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് മതങ്ങൾ തമ്മിൽ വേർതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഭരണപരമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെ വന്നപ്പോഴാണ് അത്തരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ബില്ല് പാർലമെന്റിൽ അവതരിപ്പിപ്പോൾ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ അമിത്ഷായ്ക്ക് സാധിച്ചില്ല. ഞങ്ങൾ ഗോഡ്‌സെയുടെ ഹിന്ദുവല്ല, മറിച്ച് ഗാന്ധിജിയുടെ ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വത്തിന് അവകാശമില്ലാത്തവരെ തടങ്കലിലാക്കാൻ തടവറകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സർക്കുലർ അയച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഒരാൾക്ക് മറ്റൊരു സംസ്ഥാനത്ത് പോകണമെങ്കിൽ പ്രത്യേക അനുമതി വേണ്ട സാഹചര്യം വന്നിരിക്കുകയാണ്. മണിപ്പൂരിലെ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യാൻ അവിടെ ഐ എൽ പി അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ വിജയപമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കെ.സി റോസക്കുട്ടി, പി.കെ ജയലക്ഷ്മി, എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, പി.വി ബാലചന്ദ്രൻ, പി.പി ആലി, സി.പി വർഗീസ്, കെ.കെ അബ്രാഹം, എൻ.കെ വർഗീസ്, കെ.കെ വിശ്വനാഥൻ, കെ.വി പോക്കർ ഹാജി, എ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.