മാനന്തവാടി: ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ കയറ്റമാണ് ഇവിടത്തേതെന്ന് എംടിബി കേരള സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന ജർമ്മൻകാരി നൈമ മാഡ്‌ലെൻ ഡിസ്നറും നേപ്പാളിലെ ലക്ഷ്മി മഗറും പറയുന്നു.

ഫ്രാങ്ക്ഫർട്ടിൽ പ്ലാസ്റ്റിക് സർജറി സ്‌പെഷലിസ്റ്റാണ് നൈമ മാഡ്‌ലെൻ ഡിസ്നർ. ജർമ്മനിയിലെ ഗോട്ടിംഗെൻ സ്വദേശിയായ നൈമയുടെ സ്വദേശം തടാകങ്ങളും കുന്നുകളും കൊണ്ട് മനോഹരമാണ്. ബാലെയും ടെന്നീസുമായി കടന്നു പോയ കൗമാരത്തിനശേഷം മെഡിക്കൽ വിദ്യാഭ്യാസത്തിനിടെയാണ് നൈമയ്ക്ക് സൈക്ലിംഗ് ഭ്രമം തലയ്ക്ക് പിടിച്ചത്. സംഗീതജ്ഞനായ അച്ഛൻ ബർണാർഡ് മാഡ്‌ലെന്റെ പ്രോത്സാഹനം കൂടിയായപ്പോൾ തിരിഞ്ഞു നോക്കിയില്ല.

ഇസ്രായേലിലെ പ്രശസ്തമായ ടൂർ ഓഫ് അരാവയിൽ 68 കിമി സൈക്കിൾ ചവിട്ടി നൈമ രണ്ടാം സ്ഥാനത്തെത്തി. സ്തനാർബുദം പോലെയുള്ള രോഗങ്ങൾ മൂലം അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്ലാസ്റ്റിക് സർജറി നടത്തുന്ന തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടെയാണ് ആഴ്ചയിൽ 15 മണിക്കൂർ സൈക്ലിംഗിന് നൈമ സമയം കണ്ടെത്തുന്നത്. ഇത് മൂന്നാം തവണയാണ് നൈമ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ സെപ്തംബറിൽ അച്ഛനുമൊത്ത് എംടിബി ഹിമാലയയ്‌ക്കെത്തിയപ്പോൾ പ്രധാന സ്ഥലങ്ങളിലെല്ലാം ചുറ്റിക്കറങ്ങി.

പർവത സൈക്ലിംഗ് ലോകത്ത് നേപ്പാളിന്റെ മുഖമാണ് ലക്ഷ്മി. അന്താരാഷ്ട്ര രംഗത്ത് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത. ഇന്ത്യയിലെ മണാലികാർദുംഗ്ലാ സൈക്കിൾ ചാമ്പ്യൻ പട്ടമായ 'ട്രാൻസ് ഹിമാലയൻ ക്വീൻ ഓഫ് മൗണ്ടൻസ്' ബഹുമതി 2015 ൽ സ്വന്തമാക്കിയതിനു ശേഷമാണ് 31 കാരിയായ ലക്ഷ്മിക്ക് 'പർവത റാണി'യെന്ന വിളിപ്പേര് കിട്ടിയത്. നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ മലമ്പ്രദേശമായ ബെത്രാവതി ഗ്രാമമാണ് സ്വദേശം. ആറു വട്ടം തുടർച്ചയായി നേപ്പാളിലെ ദേശീയ പർവത സൈക്ലിംഗ് ചാമ്പ്യനാണ്.