കോഴിക്കോട്: കൂടല്ലൂർ ഗ്രാമത്തെ വിശ്വസാഹിത്യത്തിൽ അടയാളപ്പെടുത്തിയ എം.ടി. വാസുദേവൻ നായരെ ജന്മനാട് ആദരിക്കുന്നു. കൂടല്ലൂരിലെ കൂര്യായിക്കൂട്ടം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 28,29 തിയ്യതികളിൽ കൂടല്ലൂർ ഗവ. ഹൈസ്കൂളിലാണ് ‘ഹൃദയപൂർവ്വം എം.ടി.യ്ക്ക്’ പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കവിയരങ്ങ്, സംവാദം, സാംസ്കാരിക സമ്മേളനം, നാലുകെട്ട് നോവലിനെ അധികരിച്ച് ഡി. മനോജ് വൈക്കം പകർത്തിയ ഫോട്ടോകളുടെ പ്രദർശനം എന്നിവയുണ്ടാവും. 28-ന് രാവിലെ 10 മുതൽ ‘ നാലുകെട്ടും നിളയും’ ഫോട്ടോ പ്രദർശനം ആരംഭിക്കും. 29-ന് രാവിലെ 10-ന് കവിയരങ്ങ് പി.കെ. ഗോപിയും ഉച്ചക്ക് രണ്ടിന് സംവാദം ടി.ഡി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ, സിനിമാ സംവിധായകൻ ഹരിഹരൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, അബ്ദുൽ ഹമീദ് തത്താത്ത്, കെ. അബ്ദുൽ സലീംസ ലത്തീഫ് പുളക്കപ്പറമ്പിൽ, പി.കെ. ഷമീർ, പി.പി. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.