കോഴിക്കോട്: രാഷ്ട്രമാണ് പ്രധാനം രാഷ്ട്രീയ മുതലെടുപ്പല്ല എന്ന സന്ദേശവുമായി കോഴിക്കോട്ട് എബിവിപിയുടെ സ്വാഭിമാനറാലി. ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും എതിരെയായിരുന്നു സ്വാഭിമാനറാലി. കൂറ്റൻ ത്രിവർണ പതായേന്തി നഗരവീഥികളിലൂടെ വിദ്യാർത്ഥികൾ നടന്നു നീങ്ങിയപ്പോൾ നാട്ടുകാർക്ക് അത് കൗതുകമായി.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി കിഡ്സൺ കോർണറിൽ സമാപിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കപട മതേതരവാദികൾ നടത്തുന്ന ആസൂത്രിതമായ വ്യാജപ്രചരണങ്ങളാണ് ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ടുള്ള അക്രമസംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്രചരണം നടത്തി മതവിദ്വേഷം വളർത്താനും അതുവഴി കലാപങ്ങൾ സൃഷ്ടിക്കുവാനും ആണ് ഇവർ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ സത്യാവസ്ഥ സമൂഹത്തെ ബോധിപ്പിക്കാനാണ് ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് അമൽ മനോജ് അദ്ധ്യക്ഷനായി. എബിവിപി സംസ്ഥാന സമിതി അംഗം അഞ്ജലി, എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി. രജീഷ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്യാം ശങ്കർ, സംസ്ഥാന സമിതി അംഗം അമൽ ഷാജി, ജില്ലാ സമിതി അംഗങ്ങളായ വിസ്മയ പിലാശ്ശേരി, പ്രവീൺ തെഞ്ചേരി എന്നിവർ നേതൃത്വം നൽകി.