വടുവഞ്ചാൽ: വടുവഞ്ചാൽ ക്ലബ്ബുമട്ടം പ്രദേശത്ത് പുലിയിറങ്ങി. കഴിഞ്ഞ ദിവസം ക്ലബ്ബ്മട്ടം പ്രദേശത്തെ പാലയിൽ ജമാലിന്റെ ആടിനെ പുലി കൂട്ടിൽ കയറി ആക്രമിച്ച് കൊന്നിരുന്നു. അതിന് ശേഷം എല്ലാ ദിവസവും ഈ പ്രദേശത്ത് പുലിയുടെ കാൽപാട് കാണാനിടയായ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. മീൻമുട്ടി വെള്ളച്ചാട്ടം അടച്ചതിനു ശേഷം ആളനക്കം ഇല്ലാതായതിന് ശേഷമാണ് പ്രദേശത്ത് പുലിശല്ല്യം രൂക്ഷമായത്. വെള്ളച്ചാട്ടം സഞ്ചാരികൾക്ക് തുറന്ന് കൊടുത്തിരുന്ന കാലത്ത് വന്യമൃഗശല്യം പ്രദേശങ്ങളിൽ ഇല്ലായിരുന്നു. ചിത്രഗിരി എൽപി സ്‌കൂളിലേക്ക് പിഞ്ചുകുട്ടികൾ ക്ലബ്മട്ടത്ത് നിന്ന് കാൽനടയായാണ് പോകുന്നത്. ഈ പ്രദേശത്തെ രക്ഷിതാക്കളും, ജനങ്ങളും ഇതുമൂലം ഭീതിയിലായിരിക്കുകയാണ്. പുലിയെ കൂട് വെച്ച് പിടിച്ച് പ്രദേശവാസികളുടെ ഭീതിയകറ്റണമെന്നും, മീൻമുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്ന് കൊടുത്ത് വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും ആവശ്യപ്പെട്ട് ആറാം വാർഡ് കോൺഗ്രസ് കമ്മറ്റി വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ മുഹമ്മദ് ബാവ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻകുട്ടി, അജിതാ ചന്ദ്രൻ, എം. മനോജ് എന്നിവർ പ്രസംഗിച്ചു.