കോഴിക്കോട്: വര്‍ഷങ്ങളായി ഭൂമിയ്ക്ക് ഉടമസ്ഥാവകാശം ലഭിക്കാത്ത അര ലക്ഷം
പേര്‍ക്ക് കൂടി മാര്‍ച്ചിനുള്ളില്‍ പട്ടയം നൽകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഈ ഡിസംബറില്‍ പട്ടയവിതരണം നടത്താനാണ് റവന്യൂ വകുപ്പും ലക്ഷ്യമിട്ടതെങ്കിലും പ്രളയം കാരണം നീണ്ടുപോവുകയായിരുന്നും. വരുന്ന മൂന്നു മാസത്തിനകം തന്നെ അര ലക്ഷം പേര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.

ജില്ലാതല പട്ടയമേള കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജന്മിത്വം അവസാനിച്ച നാട്ടിൽ ഇന്നും ഏതാണ്ട് രണ്ട് ലക്ഷം പേർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാൻ ബാക്കിയുണ്ട്. നിയമനടപടികളിലെ കാലതാമസമാണ് കാരണം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീർക്കാൻ വടക്കൻ മേഖലയിൽ പുതിയ ട്രിബ്യൂണലുണ്ട്. തെക്കന്‍ ജില്ലകളിലെ പ്രശ്‌നപരിഹാരം പൂര്‍ത്തിയായ സാഹചര്യത്തില്‍ ട്രിബ്യൂണൽ വടക്കന്‍ ജില്ലകളിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലുള്ളവരുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇനി ഈ ട്രിബ്യൂണല്‍ പരിഹരിക്കും. ജന്മികാലഘട്ടം അവസാനിച്ചതാണ്. ഒന്നോ രണ്ടോ തവണ ബന്ധപ്പെട്ടിട്ടും നടപടിയ്ക്കായി ഹാജരാവാത്ത ഭൂഉടമകളെ അന്വേഷിക്കാതെ നിയമമനുശാസിക്കുന്ന രീതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതേയുള്ളൂ.

തീരദേശമേഖലയിലെയും വനപ്രദേശങ്ങളിലുമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ആവശ്യമായുണ്ട്. റവന്യൂ വകുപ്പ് ഇതിനായി നിരന്തരം പരിശ്രമിക്കുന്നുണ്ട്. ഇനിയും ഉടമസ്ഥാവകാശം ലഭിക്കാത്തവര്‍ക്കായി പട്ടയമേള നടത്തും.

സമയബന്ധിതമായി പട്ടയം നൽകുന്നതിനും ഭൂനികുതി, വനഭൂമി സംബന്ധിച്ച തർക്കങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം കാണുന്നതിനുമായി കോഴിക്കോട്ട് ആരംഭിച്ച ഭൂമിത്ര പദ്ധതിയിലൂടെ ഒരുപാട് പേരുടെ പ്രശ്നങ്ങളാണ് പരിഹരിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബേപ്പൂർ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയിൽ ദീർഘകാലമായി താമസിച്ചു വരുന്ന 31 കുടുംബങ്ങൾക്ക് ഇന്നലെ പട്ടയം നൽകി.

ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സാംബശിവ റാവു സ്വാഗതം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, വി.കെ.സി. മമ്മദ് കോയ എം.എൽ.എ, ടി.വി. ബാലൻ, നവീന്ദ്രൻ (കേരള കോൺഗ്രസ് (എം)), കെ.പി.രാധാകൃഷ്ണൻ, എ.ഡി.എം റോഷ്‌നി നാരായണൻ എന്നിവർ സംസാരിച്ചു.

 ജില്ലയിൽ ഇന്നലെ പട്ടയം ലഭിച്ചത് 1839 പേർക്ക്

 സുനാമി പുനരധിവാസം : 90 കുടുംബങ്ങൾക്ക്

 മിച്ചഭൂമിപട്ടയം (2 താലൂക്ക്) 112 കുടുംബങ്ങൾക്ക്

ഇടതുമുന്നണി സര്‍ക്കാര്‍

ഇതിനകം ജില്ലയിൽ പട്ടയം

നൽകിയത്

9,356

പേര്‍ക്ക്