ഫറോക്ക്: ഫറോക്ക് ടിപ്പു കോട്ട സംരക്ഷിക്കാൻ പുരാവസ്തു വകുപ്പുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് കോട്ട സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകിട്ട് നാലരയോടെയാണ് മന്ത്രി കോട്ടയിൽ എത്തിയത്. കോട്ടയിലെ മരുന്നറ, ബംഗ്ലാവ്, ഗുഹാകിണർ തുടങ്ങിയവയെല്ലാം മന്ത്രിയും സംഘവും ചുറ്റിനടന്ന് കണ്ടു. വി കെ സി മമ്മദ് കോയ എം എൽ എ, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, പിലാക്കാട്ട് ഷൺമുഖൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഫറോക്ക് നഗരസഭ അദ്ധ്യക്ഷ കെ. കമറു ലൈല, ടിപ്പു കോട്ട സംരക്ഷണ സമിതി ഭാരവാഹികളായ കൊടിവീട്ടിൽ ഗോപി, വിജയകുമാർ പൂതേരി, ജയശങ്കർ കിളിയൻകണ്ടി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.