കോഴിക്കോട്: വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഫോട്ടോഗ്രാഫർ വിമിത്ത് ഷാലിനെ സഹായിക്കാനായി കാലിക്കറ്റ് പ്രസ് ക്ലബും ഫോട്ടോ ജേണലിസ്റ്റ്സ് ഫോറവും ചേർന്ന് ഒരുക്കിയ 'വി ഷാൽ' ഫോട്ടോപ്രദർശനവും വില്പനയും കെ.പി കേശവമേനോൻ ഹാളിൽ ആരംഭിച്ചു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മുൻമന്ത്രിയും സി.എം.പി നേതാവുമായിരുന്ന എം.വി. രാഘവന്റെ പ്രഭാതസവാരിയുടെ ചിത്രം മേയറിൽ നിന്ന് സി.എൻ.വിജയകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസ്‌ ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. വിമിത്ത് ഷാൽ ഫണ്ടിലേക്ക് ഖത്തർ മീഡിയ ഫോറം സംഭാവന ചെയ്ത തുക കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂരിൽ നിന്ന് ഫിറോസ്ഖാൻ ഏറ്റുവാങ്ങി.

പ്രസ്‌ ക്ലബ് സെക്രട്ടറി പി.എസ്.രാകേഷ്, കമാൽ വരദൂർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. കുട്ടൻ, കെ.കെ.സന്തോഷ്, പ്രസ്‌ ക്ലബ് ട്രഷറർ ഇ.പി.മുഹമ്മദ്, ഫോട്ടോ ജേണലിസ്റ്റ്സ് ഫോറം കൺവീനർ കെ.വി. ശ്രീജേഷ് എന്നിവർ സംസാരിച്ചു.

കോഴിക്കോട്ടെ പത്രഫോട്ടോഗ്രാഫർമാരുടെ 72 ചിത്രങ്ങളാണ് പ്രദർശനത്തിനുളളത്. പ്രദർശനത്തിലെ ഫോട്ടോകൾ വിറ്റുകിട്ടുന്ന പണം വിമിത്ത് ഷാൽ സഹായ ഫണ്ടിലേക്ക് നൽകും.