മുക്കം: മുക്കം നഗരത്തിലെ റോഡ് - ഗതാഗത പരിഷ്‌കരണത്തിനും സൗന്ദര്യവത്കരണത്തിനുമായുള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 7.37 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കും. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തികൾക്ക് ഭരണാനുമതിയായി.

അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെയുള്ള സംസ്ഥാനപാതയിലും മുക്കം അങ്ങാടിയിലെ പ്രധാന റോഡിലുമാണ് ആദ്യഘട്ട പ്രവൃത്തികൾ നടക്കുക. കലുങ്ക് നിർമാണം, ഡ്രെയ്‌നേജ് നിർമ്മിച്ച് കവറിംഗ് സ്ലാബുകൾ സ്ഥാപിക്കൽ, ഡിവൈഡറുകൾ - മീഡിയനുകൾ എന്നിവയുടെ നിർമ്മാണം, ഹാൻഡ് റെയിലോടു കൂടിയ, ടൈൽ വിരിച്ച ഫുട്പാത്ത് നിർമ്മാണം, ഡിവൈഡറുകളിൽ പുല്ല്, പൂച്ചെടികൾ വെച്ചുപിടിപ്പിക്കൽ, റോഡ് വീതി കൂട്ടി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് നാലുവരിപ്പാതയാക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക.

സമഗ്ര നഗരാസൂത്രണത്തിന്റെ ഭാഗമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് നിർമ്മാണ പ്രവൃത്തികൾ. പൊതുജനങ്ങളിൽ നിന്നു ഇതിനായി അഭിപ്രായം ശേഖരിച്ചിരുന്നു. പൊതുമരാമത്ത് - നഗരസഭ എൻജിനിയറിംഗ് ഉദ്യോഗസ്ഥരുമായി 26ന് നഗരസഭാ അധികൃതർ നടത്തുന്ന ചർച്ചയ്ക്ക് പിറകെ പദ്ധതി സാങ്കേതികാനുമതിയ്ക്കായി സമർപ്പിക്കും. ഈ സീസണിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം.