കോഴിക്കോട്: വൻമുതൽമുടക്കിലുള്ള കൺവെൻഷൻ സെന്റർ നിർമ്മാണത്തിന് ഇല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച് കഴിഞ്ഞ രണ്ടര വർഷമായി വിലങ്ങുതടി തീർത്തവർക്ക് ഉദ്യോഗസ്ഥർ ഇപ്പോഴും കൂട്ടുനിൽക്കുകയാണെന്ന് പ്രമുഖ വ്യവസായി എൻ.കെ. മുഹമ്മദ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തീർപ്പു കൽപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥ തലത്തിലെ അവഗണനയ്ക്കും അലംഭാവത്തിനും യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫയലിൽ തീർപ്പു കല്പിക്കാതെ ജില്ലാ കളക്ടറുടെ ഓഫീസ് അനിശ്ചിതമായെന്നോണം നീട്ടിക്കൊണ്ടുപോവുകയാണ്.
കൊടുവള്ളി കാവിലുമ്മാരത്തിനടുത്ത് പാലോറ മലയിൽ 20 ഏക്കർ ഭൂമിയിലാണ് 110 കോടി രൂപ ചെലവിൽ ഗോൾഡൻ വില്ലേജ് കൺവെൻഷൻ സെന്റർ നിർമ്മാണം ആരംഭിച്ചത്. 2017ൽ കിഴക്കോത്ത് പഞ്ചായത്ത് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതാണ്. ഇതിനകം 42 കോടി രൂപ ചെലവഴിച്ചു. ഇതിൽ 25 കോടി രൂപയും ബാങ്ക് വായ്പയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചില നിക്ഷിപ്തതാത്പര്യക്കാരാണ് ഈ പ്രോജക്ട് മുടക്കാൻ നോക്കുന്നത്.
നിർമ്മാണ പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ നിസ്സഹകരണമുണ്ടായി. അനാവശ്യ കാരണങ്ങൾ പറഞ്ഞ് പല കടലാസുകളും വൈകിച്ചു. ജില്ലാ കളക്ടറുടെ വ്യക്തതയില്ലാത്ത നിലപാടുകളും വിനയായി. ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയത്തിലെ പൊരുത്തക്കേടിന് ബലിയാടാവുകയായിരുന്നു.
നിർമ്മാണത്തിന്റെ തുടക്കത്തിൽ ഈ പദ്ധതിയ്ക്ക് നാട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ അതിനിടയ്ക്ക് ചില സ്ഥാപിതതാത്പര്യക്കാർ രംഗത്തെത്തി. കള്ളപ്പണ ഇടപാടുകളും മറ്റും നടന്നുവന്ന പാലോറ മലയിൽ ആ സൗകര്യം നഷ്ടമാകുന്നതിലുള്ള രോഷം എതിർപ്പായി മാറുകയായിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്താണ് നിർമ്മാണമെന്നും ഇവിടെ കൺവെൻഷൻ സെന്റർ നിർമ്മിച്ചാൽ മലയിടിഞ്ഞ് താഴേക്കു പതിക്കുമെന്നും വരെ പറഞ്ഞ് ഇക്കൂട്ടർ ഭീതി പരത്തി. പഞ്ചായത്തിനുൾപ്പെടെ പരാതി നൽകിയതോടെ പല കുറി സ്റ്റോപ്പ് മെമ്മോ വന്നു. വീണ്ടും അനുമതിയായി പ്രവൃത്തി തുടങ്ങുമ്പോഴേക്കും പിന്നെയും സ്റ്റോപ്പ് മെമ്മോ ഇറങ്ങുന്ന രീതിയായി. ഹൈക്കോടതിയെ സമീപിച്ചതോടെ ഈ പ്രശ്നത്തിൽ തീർപ്പ് കല്പിക്കാൻ ഉത്തരവ് വന്നിട്ടും ഉദ്യോഗസ്ഥർമുഖം തിരിക്കുകയാണെന്ന് മുഹമ്മദ് പറഞ്ഞു.