കോഴിക്കോട്: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉയർത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നൈറ്റ് വാക്ക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഡിസംബർ 29 ന് നിർഭയ ദിനത്തിലാണ് പരിപാടി നടത്തുക. സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്ടർ ജി.പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. യോഗത്തിൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ മീരാ ദർശക് രക്ഷാധികാരിയായി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. വനിതാ ദിനമായ മാർച്ച് എട്ട് വരെ നൈറ്റ് വാക്കിന്റെ തുടർപ്രവർത്തനങ്ങൾ നടത്തും.
ജില്ലാശിശുവികസന ഓഫീസർ അനീറ്റ എസ്.ലിൻ, വനിതാ സെൽ എസ്.ഐ റീത്ത, കോർപറേഷൻ കൗൺസിലർമാർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.