കൽപ്പറ്റ: ബ്രിട്ടീഷുകാർ ജനങ്ങളെ അടിമകളാക്കി ഭരിച്ചതിനേക്കാൾ ഭീതിദമാണ് രാജ്യത്ത് ഇന്ന് നടക്കുന്ന മതത്തിന്റെ പേരിലുള്ള വിഭജനമെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലാ യു.ഡി.എഫ് കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇറ്റലിയിൽ ഒരു കാലത്ത് ഭരണം നടത്തിയ മുസോളിനിയുടെ പ്രത്യയശാസ്ത്രമാണ് ഫാസിസം. ഫാസിസം തിരിച്ചറിയാൻ വിവിധ ലക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഉന്മാദ ദേശീയത വളർത്തൽ. ഇതിൽ ഭരണകൂടത്തെ എതിർക്കുന്നത് രാജ്യദ്രോഹമായി മാറും. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും, എഴുത്തുകാരെയും ചിന്തകരെയും ഭയക്കുന്നതാണ് മറ്റൊന്ന്. പട്ടാള ശക്തിയിൽ അഭിരമിക്കുകയെന്നതാണ് ഫാസിസം മുന്നോട്ടുവെക്കുന്ന മറ്റൊരു കാഴ്ചപ്പാട്. ഫാസിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു അജണ്ടയാണ് തിരഞ്ഞെടുപ്പുകളെ പ്രഹസനമാക്കുന്നത്. ഇതെല്ലാം രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ നവംബർ 21ന് സുപ്രീംകോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരിക്കുകയാണ്. രാജ്യത്തെ 542 ലോക്‌സഭാമണ്ഡലങ്ങളിൽ 347 ഇടത്ത് വോട്ടിംഗ് മെഷിനീൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.

തിരഞ്ഞെടുപ്പിന് മുമ്പ് അമിത്ഷാ പറഞ്ഞത് 300 സീറ്റ് കിട്ടുമെന്നായിരുന്നു. അതിനുള്ള എല്ലാം ഒപ്പിച്ചുവെച്ചിട്ടാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. പണം, മാധ്യമം, കൃത്രിമം, മെഷീൻ എന്നീ നാല് കാര്യങ്ങളാണ് തിരഞ്ഞെടുപ്പിൽ അവർ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും മൂന്ന് കാരണങ്ങളാണ് പൗരത്വബില്ലുമായി ബന്ധപ്പെട്ട് മനസിലാക്കാൻ സാധിക്കുന്നത്. അതിൽ ഒന്നാമത്തേത് ഇതൊരു ആർ എസ് എസ് അജണ്ടയാണെന്നതാണ്.

രാജ്യം ഒരുകാലത്തുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാജ്യത്തെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു മാർഗമായും ഇപ്പോൾ ഈ നിയമഭേദഗതി കൊണ്ടുവന്നതിലൂടെ ശ്രമിക്കുന്നുണ്ട്. നിരവധി വിഭജനങ്ങൾ നേരിടേണ്ടി വന്ന ആസാം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളിലെ വീണ്ടും ആശങ്കയിലേക്ക് തള്ളിവീഴ്ത്തുകയാണ് ഈ നിയമം. രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ 900 തടങ്കൽ പാളയങ്ങൾ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

2014 മുതൽ 19 വരെയുള്ള കാലഘട്ടത്തിൽ മോദി പാർലമെന്റിൽ ഹാജരായത് വെറും 19 ദിവസം മാത്രമാണ്. ഇതിൽ വികസനം പറയാൻ ഒന്നോ, രണ്ടോ മിനിറ്റ് പോലും ചിലവിട്ടിട്ടില്ല. ബാക്കി സമയത്തെല്ലാം നെഹ്റു കുടുംബത്തെയടക്കം വിമർശിക്കാനാണ് സമയം കണ്ടെത്തിയത്.

രാജ്യത്തെ ജനങ്ങൾ ഐക്യത്തോടെ ഈ വിഭജനരാഷ്ട്രീയത്തെ നേരിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ.അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. യു.ഡി.എഫ് ജില്ലാകൺവീനർ എൻ.ഡി അപ്പച്ചൻ സ്വാഗതം പറഞ്ഞു. പി.കെ ജയലക്ഷ്മി, കെ.സി റോസക്കുട്ടി, എൻ.കെ റഷീദ്, ടി മുഹമ്മദ്, കെ.എൽ പൗലോസ്, എം.സി സെബാസ്റ്റ്യൻ, സി.പി വർഗീസ്, പി പി ആലി എന്നിവർ സംബന്ധിച്ചു.