രണ്ട് ബേക്കറികൾ അടപ്പിച്ചു
പരിശോധന 169 ഇടങ്ങളിൽ
പിഴ ഈടാക്കിയത് 1,87,500 രൂപ
കോഴിക്കോട്: ക്രിസ്‌മസ് - പുതുവത്സരാഘോഷത്തിനുള്ള ഒരുക്കം മുറുകിയതിനിടെ ആർദ്രം ജനകീയ കാമ്പയിനിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡിന്റെ പരിശോധന അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു.
ആദ്യഘട്ടം കഴിഞ്ഞ ദിവസം സമാപിച്ചപ്പോൾ നിരവധി ബേക്കറികൾക്കും നിർമ്മാണ കേന്ദ്രങ്ങൾക്കുമെതിരെ നടപടികൾ തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 169 ഇടങ്ങളിലാണ് പരിശോധന നടന്നത്. സാമ്പിളുകൾ ശേഖരിച്ചത് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച എട്ട് പരാതികളിൽ സ്‌ക്വാഡ് നടപടി കൈകക്കൊണ്ടിട്ടുമുണ്ട്.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും ലൈസൻസ് എടുക്കാത്തതുമായ 84 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിവിധ കടകളിൽ നിന്നായി 1,87,500 രൂപ പിഴ ഈടാക്കി. പുതിയ ബസ് സ്റ്റാൻഡിനു എതിർവശത്തായുള്ള ഡീലക്‌സ് ബേക്കറി യൂണിറ്റ്, പുതിയപാലത്തെ ബേക്കിംഗ് ഹവ്‌സ് എന്നീ സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിച്ചു.
നോട്ടീസ് ലഭിച്ച സ്ഥാപനങ്ങളുടെ ഉടമകൾ രണ്ടു ദിവസത്തിനകം തിരുത്തൽനടപടി സ്വീകരിച്ച ശേഷം കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയത്തിൽ ഹാജരാകാനാണ് നിർദ്ദേശം.
ണ്ടാംഘട്ട പരിശോധനയ്ക്ക് ഇന്ന് തുടക്കമാവും. ഇതിൽ കൂടുതൽ ശക്തമായ നടപടികളായിരിക്കും സ്വീകരിക്കുക. അപാകതകൾ പരിഹരിക്കാത്ത കച്ചവടക്കാർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കേസ്സെടുക്കും.