മാനന്തവാടി: ആദിവാസി വൃദ്ധനെ വനപാലകർ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയതായി പരാതി. തൊണ്ടർനാട് പെരിഞ്ചേരിമല പുരുഞ്ഞി കോളനിയിലെ കേളപ്പനെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കള്ള കേസിൽ കുടുക്കിയതായാണ് ആദിവാസി കോൺഗ്രസ്സ് ആരോപിച്ചത്.
സംഭവം ഡി.എഫ്.ഒ. തലത്തിൽ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരമാരംഭിക്കുമെന്നും ആദിവാസി കോൺഗ്രസ്സ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 15 ന് രാത്രി കേളപ്പന്റെ വീട്ടിലെത്തിയ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് കേളപ്പനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ജീപ്പിൽ കയറ്റുകയും വീടിനകത്തുണ്ടായിരുന്ന അമ്പും വില്ലും എടുക്കുകയും ചെയ്തു. പിറ്റേ ദിവസം ചോദ്യം ചെയ്യുക പോലും ചെയ്യാതെ, നായാട്ട് സംഘത്തിലെ പ്രതിയെന്നാരോപിച്ച് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു.
ജീവിതത്തിൽ ഒരിക്കൽ പോലും നായാട്ടിന് പോകാത്ത കേളപ്പനെ കള്ള കേസിൽ കുടുക്കുകയാണ് വനപാലകർ ചെയ്തതെന്നും അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഇ.കെ.കുഞ്ഞാമൻ, ബാബു കൊന്നിയോട്ട്, ബാലകൃഷ്ണൻ പൂരഞ്ഞി, രാമൻ പെരിഞ്ചേരിമല എന്നിവർ പങ്കെടുത്തു.