വടകര: ബസുകള്‍ക്കും തൊഴിലാളികള്‍ക്കും നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വടകര-തൊട്ടില്‍പാലം റൂട്ടില്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ശക്തമായ നടപടി കൈക്കൊള്ളുമെന്ന റൂറല്‍ എസ് പി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ തിങ്കളാഴ്ച റൂറല്‍ എസ് പിയെ നേരില്‍ കാണുകയായിരുന്നു. തൊഴിലാളി സംഘടനകളോ ബസുടമസ്ഥ സംഘമോ സമരത്തെ പിന്തുണച്ചില്ലെങ്കിലും ഇന്നലെ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. സമരം ജനങ്ങളെ വലച്ചു. തലശേരിയില്‍ നിന്നുള്ള ബസുകള്‍ നാദാപുരം വരെ മാത്രം ഓടി. ഹര്‍ത്താല്‍ ദിനത്തില്‍ ഓടിയ ബസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അക്രമം വ്യാപകമായ സാഹചര്യത്തിലാണ് പണിമുടക്കാന്‍ തൊഴിലാളികള്‍ മുന്നോട്ട് വന്നത്.