ഗ്രഹണം പ്രപഞ്ചത്തെ
അടുത്തറിയാൻ:
എസ്.വൈ.എസ്
കൽപ്പറ്റ: സൂര്യ ചന്ദ്ര ഗ്രഹണങ്ങൾ പ്രപഞ്ചത്തെയും പ്രപഞ്ചനാഥനേയും അടുത്തറിയാണുള്ള അവസരമാണെന്ന് എസ്.വൈ.എസ് ടേബിൾ ടോക്ക്.
26ന് സംഭവിക്കുന്ന സൂര്യഗ്രഹണം ആസ്പദമാക്കി സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ഗ്രഹണം, മതവും ശാസ്ത്രവും എന്ന വിഷയത്തിൽ സംഘടിപ്പിച്ചതായിരുന്നു ടേബിൾ ടോക്ക്.
ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ മറയിടുമ്പോൾ സംഭവിക്കുന്ന സൂര്യഗ്രഹണം പ്രപഞ്ചത്തിലെ മൂന്ന് പ്രതിഭാസങ്ങളലേക്കാണ് വിരൽ ചൂണ്ടുന്നത്. മനുഷ്യവാസമുള്ള ഭൂമിയുടെ നിലനിൽപ്പിൽ സൂര്യനും ചന്ദ്രനും വഹിക്കുന്ന പങ്കിനെ കുറിച്ചും അവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തിയെ കുറിച്ചും മനുഷ്യനെ ചിന്തിപ്പിക്കുകയാണ്.
സൂര്യ ചന്ദ്ര സഞ്ചാരത്തെപറ്റിയും അവയുടെ ഭ്രമണപഥത്തെ കുറിച്ചും ഖുർആൻ വെളിച്ചം നൽകുന്നുണ്ട്. ഗ്രഹണത്തെ കുറിച്ച് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ തള്ളി അവ ദൈവത്തിന്റെ മഹാ ദൃഷ്ടാന്തങ്ങളാണെന്നും ഗ്രഹണം ബാധിക്കുന്നത് ഒരു മരണത്തിന്റെയോ ജനനത്തിന്റെയോ പേരിലല്ലെന്നും പഠിപ്പിച്ചു. ഗ്രഹണം ദൃശ്യമായാൽ ദൈവത്തെ സ്മരിക്കുകയും ആരാധിക്കുകയും ധർമ്മം ചെയ്യുകയും വേണം.
ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാൽ അദ്ധ്യക്ഷത വഹിച്ചു. സമസ്ത വൈത്തിരി താലൂക്ക് പ്രസിഡന്റ് വി.കെ അബ്ദുറഹ്മാൻ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുജീബ് ഫൈസി കമ്പളക്കാട്, ഹസൈനാർ വെള്ളേരി എന്നിവർ വിഷയാവതരണം നടത്തി. സമസ്ത: ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി,പി സുബൈർ ഹാജി, ഇ പി മുഹമ്മദലി ഹാജി, സി കെ ശംസുദ്ധീൻ റഹ്മാനി,എ കെ സുലൈമാൻ മൗലവി,ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, ഉമർ നിസാമി, യഫ്സൽ യമാനി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. കെ മുഹമ്മദ്കുട്ടി ഹസനി സ്വാഗതവും കെ എ നാസർ മൗലവി നന്ദിയും പറഞ്ഞു.
26ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായാൽ പള്ളികൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രാർത്ഥനകളും ഗ്രഹണ നിസ്കാരവും നടത്താൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് സമസ്ത: ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്ലിയാർ പറഞ്ഞു.
വലയ സൂര്യഗ്രഹണ നിരീക്ഷണം
ബത്തേരി സ്വതന്ത്രമൈതാനിയിൽ
സുൽത്താൻ ബത്തേരി: വലയ സൂര്യഗ്രഹണം കാണാൻ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനിയിൽ സൗകര്യങ്ങൾ ഒരുക്കും. സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ ആവശ്യമായ ബ്ലാക്ക് പൊളിമർ ഉപയോഗിച്ച് നിർമ്മിച്ച സോളാർ ഫിൽട്ടറുകൾ ഉപയോഗിച്ചാണ് വലയ സൂര്യനെ ദർശിക്കുന്നത്. ഫിൽട്ടറുകൾ ആവശ്യമുള്ളവർ 9349194267, 8089123731 നമ്പറുകളിൽ ബന്ധപ്പെടണം.
പുത്തുമല
തറക്കല്ലിടൽ മാറ്റി വെച്ചു
കൽപ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് മാറ്റി വെച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.