കോഴിക്കോട്: സ്റ്റാൻഡിൽ ബസ് കയറാനെത്തിയ യാത്രക്കാരനിൽ നിന്ന് പേഴ്സ് പിടിച്ചുപറിച്ച യുവാവിനെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കാസർകോട് ചെങ്ങളം ഹാജിറ വളപ്പിൽ ഫൈസലാണ് അറസ്റ്റിലായത്.

കോട്ടപ്പുറം സ്വദേശി മുഹമ്മദ് ജാബിർ പഴ്‌സിൽ നിന്ന് പണമെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിടുമ്പോൾ ഇരുട്ടിൽ നിന്നു ഫൈസൽ ചാടിവീണ് പേഴ്‌സ് പിടിച്ചുപറിച്ച് ഓടുകയായിരുന്നു. കുറച്ചപ്പുറത്തായുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ എ. പ്രശാന്ത് കുമാറും ഹോംഗാർഡ് എസ്.ചന്ദ്രനും പിറകെ ഓടി പിടികൂടി. കസബ എസ്‌.ഐ പി. രാമകൃഷ്ണൻ പ്രതിയെ അറസ്റ്റ് ചെയ്തു.