@ ജനുവരി 21 മുതൽ കേരള സോപ്‌സിൽ അനിശ്ചിതകാല പണിമുടക്ക്
@ പുതുവത്സരദിനത്തിൽ യൂണിയൻ നിരാഹാര സമരം ആരംഭിക്കുന്നു
കോഴിക്കോട്: കേരള സോപ്‌സിൽ പത്ത് വർഷത്തോളമായി തൊഴിലെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. മാസശമ്പളത്തിൽ നിന്ന് കമ്മീഷൻ പറ്റുന്ന സ്വകാര്യ ഏജൻസിയെ ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള സോപ്സിൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. കേരള സോപ്‌സ് സ്ഥാപിച്ചതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ജനുവരി ഒന്നിന് കേരള സോപ്‌സ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നേതാക്കൾ കമ്പനി പടിക്കൽ 48 മണിക്കൂർ നിരാഹാര സത്യാഗ്രഹം നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഇത് സംബന്ധിച്ച് തൊഴിലാളികൾ മാനേജ്‌മെന്റിന് നോട്ടീസ് നൽകി.
പണിമുടക്കിലേക്ക് തൊഴിലാളികളെ തള്ളിവിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം മാനേജ്‌മെന്റിനാണെന്ന് യൂണിയൻ ആരോപിച്ചു. നവംബർ 22ന് സൂചനപണിമുടക്ക് നടത്തിയിരുന്നു..79 ജീവനക്കാരിൽ 78 പേരും പണിമുടക്കിൽ അണിചേർന്നിട്ടും ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നത്.
ഇന്നലെ ചേർന്ന തൊഴിലാളികളുടെ യോഗത്തിൽ സെക്രട്ടറി എം.എം. സുഭീഷ്, വൈ. പ്രസിഡന്റ് കെ.വി. വിജീഷ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു..