മാനന്തവാടി: സർക്കാർ ആശുപത്രികളിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീടുകളിൽ എത്തിക്കുന്ന മാതൃയാനം പദ്ധതിക്ക് ജില്ലാ ആശുപത്രിയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് ജില്ലയിൽ ഈ പദ്ധതി നടപ്പാക്കുന്ന മൂന്നാമത്തെ ആശുപത്രിയാണ് ജില്ലാ ആശുപത്രി.

ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് പദ്ധതി നടന്നുവരുന്നത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന അന്യസംസ്ഥാന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പദ്ധതി പ്രകാരം അവരുടെ വീടുകളിൽ എത്തിക്കും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. നാഷണൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.ബി.അഭിലാഷ് പദ്ധതി വിശദീകരണം നടത്തി. ആശുപത്രി മാനേജിംഗ് കമ്മിറ്റി പ്രതിനിധി കെ.എം.വർക്കി സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.നൂന മാർജ സ്വാഗതവും ഡോ.കെ.പി.അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.