കോഴിക്കോട്: ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ നിയമസഭാ നിയോജക മണ്ഡലം, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് സംസ്ഥാനതലത്തിലും മികച്ച ജൈവ കാര്‍ഷിക ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അവാര്‍ഡുകള്‍ നല്‍കും. 2018 ഏപ്രില്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടപ്പാക്കിയ ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിവിധ വിളകളുടെ വിവരങ്ങളുമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന കോര്‍പ്പറേഷന് മൂന്ന് ലക്ഷവും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന മുനിസിപ്പാലിറ്റികള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും - ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്ക് യഥാക്രമം പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം രൂപയും നല്‍കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം കോഴിക്കോട് പ്രിന്‍സിപ്പൽ അഗ്രികള്‍ച്ചറല്‍ ഓഫീസിലോ അതത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ ജനുവരി 15 -നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്. ഫോണ്‍- 0495 2370897.