# ബെഹ്റ സംതൃപ്തിപ്പെടുത്തുന്നത് മോദിയെയും

അമിത്ഷായെയും : ഷാഫി പറമ്പിൽ എം.എൽ.എ

കോഴിക്കോട്: കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ തൃപ്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ആണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. കോഴിക്കോട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് ഉൾപ്പെടെയുള്ള 57 കോൺഗ്രസ് പ്രവർത്തകർക്ക് യു.ഡി.എഫ് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യമില്ലാ വകുപ്പ് ചേർത്ത് 57 പേരെ ജയിൽ അടയ്ക്കേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോക്നാഥ ബെഹ്റയുടെ തീരുമാനമാണ് പൊലീസിൽ നടപ്പാകുന്നത്.

ഒന്നിച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്യുകയും തരംകിട്ടുമ്പോൾ കോൺഗ്രസിനോട് കണക്ക് തീർ‌ക്കുകയും എന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഡി.ജി.പിയും ആഭ്യന്തര മന്ത്രി ബെഹ്റയുമാണെന്നാണ് പൊലീസിന്റെ നടപടികൾ കാണുമ്പോൾ തോന്നുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കള്ലമാണ് പറയുന്നത്. അമിത്ഷായും മോദിയും പരസ്പര വിരുദ്ധമായി സംസാരിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. സമരത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സെൻട്രൽ ലൈബ്രറിയ്ക്ക് സമീപം നടന്ന യോഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമം പിൻവലിച്ച ശേഷം മാത്രമേ സമരം അവസാനിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മുസ്ലിം വിഭാഗത്തെ രണ്ടാം പൗരന്മാരായാണ് കേന്ദ്രസർക്കാർ കാണുന്നത്. ഒരേ ഒരു ജനതായായ ഇന്ത്യയിലെ ജനങ്ങളെ എത്രയോ കഷ്ണങ്ങളാക്കി മാറ്റുകയാണ്. മുത്തലാഖ് ബില്ലാണ് മുസ്ലിം വിരുദ്ധ അജൻഡ നടപ്പാക്കുന്നതിന്റെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഏക സിവിൽ കോഡാണ് അവരുടെ ലക്ഷ്യമെന്ന് എം.കെ. രാഘവൻ പറഞ്ഞു. ടി. സിദ്ദിഖ്, കെ. പ്രവീൺകുമാർ, വിദ്യ ബാലകൃഷ്ണൻ, ദിനേശ് പെരുമണ്ണ, പി.എം. നിയാസ് തുടങ്ങിയ 57 പേർക്കും സ്വീകരണം നൽകി.

ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ്, സെക്രട്ടറി എൻ.സി അബൂബക്കർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, സി. അബ്ദുറഹിമാൻ, എം.പി ആദംമുൽസി, പി. ഉഷാദേവി, കെ.പി ബാബു, പി.എം അബ്ദുറഹിമാൻ, കെ. രാമചന്ദ്രൻ, അഡ്വ. എ.വി. അൻവർ, പി. മൊയ്തീൻ സംസാരിച്ചു. എൻ.സി. അബൂബക്കർ സ്വാഗതം പറഞ്ഞു.
പ്രകടനത്തിന് യു. രാജീവൻ, കെ.എം. ഉമ്മർ, ഇ.എം. ജയപ്രകാശ്, സത്യൻ കടിയങ്ങാട്, സമീജ് പാറോപ്പടി, മുനീർ എരവത്ത്, രാജേഷ്, കീഴരിയൂർ, പി.വി. അവറാൻ, പി. ഇസ്മായിൽ, ടി.പി.എം ജിഷാൻ, എം.കെ ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.