സുൽത്താൻ ബത്തേരി: ദേശീയപാത 766 സംബന്ധിച്ച്

സുപ്രീംകോടതിയിൽ സമർപ്പിച്ച അഫിഡവിറ്റിനെ ചൊല്ലി വിവാദം. ഇന്നലെ ചേർന്ന ദേശീയപാത 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റി യോഗത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് സംസാരിച്ചതോടെ കമ്മറ്റിയിൽ വിഭാഗീയത ഉയരുകയായിരുന്നു.
സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികളുടെയും ആക്ഷൻ കമ്മറ്റി ഭാരവാഹികളുടെയും യോഗം വിളിച്ചുചേർത്ത് ചർച്ച നടത്തിയിരുന്നു. എന്നാൽ യോഗത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ആക്ഷൻ കമ്മറ്റിയിൽ പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇന്നലെ അടിയന്തിര യോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ കൺവീനറും ചെയർമാനും ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. എന്നാൽ ആക്ഷൻ കമ്മറ്റിയുടെ പിടിപ്പുകേട് കൊണ്ടാണ് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഉദ്യോഗസ്ഥ ലോബി സത്യവാങ്മൂലം സുപ്രീം കേടതിയിൽ സമർപ്പിച്ചതെന്ന് ലീഗ്, കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി.

ആക്ഷൻ കമ്മറ്റിയിൽ ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഐക്യത്തോടെ കാര്യങ്ങൾ നീക്കിയതുകൊണ്ടാണ് സമരം വിജയിച്ചതും രണ്ടര ലക്ഷത്തിലേറെ ആളുകൾ സമരത്തിൽ പങ്കാളികളായതുമെന്ന് കൺവീനർ പറഞ്ഞു. ഇനിയും ഐക്യം തുടർന്ന് പോകണമെന്ന് അഭ്യർത്ഥിച്ചങ്കിലും വിയോജിപ്പും ബഹളവും തുടർന്നു.
എന്താണ് സംഭവിച്ചതെന്ന് ആക്ഷൻ കമ്മറ്റി പരിശോധിക്കുമെന്ന് എം.എൽ.എ മാരായ ഐ.സി.ബാലകൃഷ്ണനും സി.കെ.ശശീന്ദ്രനും പറഞ്ഞു. എന്നാൽ ആക്ഷൻ കമ്മറ്റിയിൽ തുടരുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് ലീഗ് അംഗങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ലീഗിൽ നിന്ന് ടി.മുഹമ്മദ്, പി.പി.അയൂബ്, അസൈനാർ, കോൺഗ്രസിലെ എൻ.എം.വിജയൻ, നിസി അഹമ്മദ് എന്നിവർ ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സംസാരിച്ചത്. നാടിന്റെ ആവശ്യത്തിന് വേണ്ടി എല്ലാവരും ഐക്യത്തോടുകൂടി നിലകൊള്ളണമെന്ന് എം.എൽ.എ മാർ അഭ്യർത്ഥിച്ചങ്കിലും അംഗങ്ങൾ ചെവികൊണ്ടില്ല.യോഗം പ്രത്യേക തീരുമാനമൊന്നുമെടുക്കാനാകാതെ അവസാനിപ്പിക്കുകയും ചെയ്തു.


പോരായ്മകൾ തിരുത്തും: ആക്ഷൻ കമ്മറ്റി

സുൽത്താൻ ബത്തേരി: ആക്ഷൻ കമ്മറ്റിയിലുണ്ടായ പോരായ്മകൾ തിരുത്തി യോജിച്ച് മുന്നോട്ട് പോകുമെന്ന് ദേശീയപാത 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു. സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും അതിന് മുമ്പ് തന്നെ സുപ്രീം കോടതിയിൽ അഫിഡവിറ്റ് നൽകുകയും ചെയ്ത സാഹചര്യത്തിൽ ഉയർന്ന് വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ വിളിച്ചുചേർത്ത ആക്ഷൻ കമ്മറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് യോജിച്ച് മുന്നോട്ട് പോകാൻ വീണ്ടും തീരുമാനിച്ചത്.
ആക്ഷൻ കമ്മറ്റി ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം അനുസരിച്ച് പുതുക്കിയ അഫിഡവിറ്റ് സുപ്രീംകോടതിയിൽ നൽകുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഉദ്യാഗസ്ഥർക്ക് വന്ന പിശക് തിരുത്തിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും യോഗത്തിൽ വ്യക്തമാക്കി.

കേസ് നടത്തിപ്പിലെ തുടർകാര്യങ്ങളും കർണാടക സർക്കാരുമായുള്ള ചർച്ചയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ ആക്ഷൻ കമ്മറ്റി യോജിച്ച് പ്രവർത്തിക്കണമെന്ന് കൺവീനർ സുരേഷ് താളൂർ പറഞ്ഞു.


സംഭവിച്ചതെന്തെന്ന് പരിശോധിക്കും: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ
സുൽത്താൻ ബത്തേരി: സത്യവാങ്മൂലത്തിൽ ഉൾകൊള്ളിക്കേണ്ട കാര്യങ്ങൾ ജനപ്രതിനിധികളും ആക്ഷൻ കമ്മറ്റി ഭാരവാഹികളും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയതിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഉദ്യാഗസ്ഥർ അഫിഡവിറ്റ് സമർപ്പിച്ചതിനെപ്പറ്റി പരിശോധിക്കുമെന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻകൂടിയായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
ആക്ഷൻ കമ്മറ്റിയേയും ജനപ്രതിനിധികളെയും നോക്കുകുത്തിയാക്കുകയാണുണ്ടായത്. രാത്രിയാത്ര നിരോധനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകും. ആക്ഷൻ കമ്മറ്റിയെ നോക്കുകുത്തിയാക്കിയ സാഹചര്യത്തിൽ ആക്ഷൻ കമ്മറ്റിയിൽ തുടർന്ന് പോകണമോ എന്ന് പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കും. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമായിരുന്നുവെന്നും അതിന് മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും ഐ.സി.ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.


സമരവുമായി രംഗത്തിറങ്ങാൻ തീരുമാനം
സുൽത്താൻ ബത്തേരി : സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യത്തിൽ ആക്ഷൻ കമ്മറ്റി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകളും യുവജന സംഘടനകളും പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ നീക്കം തുടങ്ങി. ഭരണ കക്ഷിയെ പിണക്കി കൊണ്ട് ദേശീയപാത 766 ന് വേണ്ടി ശബ്ദമുയർത്താൻ ആക്ഷൻകമ്മറ്റിക്ക് കഴിയില്ലെന്ന് ബോധ്യമുള്ളതിനാലാണ് വെവ്വെറെ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്.