കൽപ്പറ്റ: ജില്ലയിൽ സമഗ്രമായ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനായുള്ള പ്രവർത്തന കലണ്ടർ ആസൂത്രണസമിതിയോഗത്തിൽ തയ്യാറാക്കി. ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണമെന്ന സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിൽ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി സ്റ്റിയറിങ്ങ് കമ്മിറ്റി, ദുരന്ത നിവാരണ വർക്കിങ്ങ് ഗ്രൂപ്പ് എന്നിവർക്കുള്ള പരിശീലനം തുടങ്ങി. സ്റ്റിയറിങ്ങ് കമ്മിറ്റിക്കാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള ചുമതല. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ഫെസിലിറ്റേറ്ററെ നിശ്ചയിക്കും. ഡിസംബർ 28 ന് ഫെസിലിറ്റേറ്റർമാരുടെ വിവരങ്ങൾ നൽകണം. ഇവർക്കായുള്ള പരിശീലനം അടുത്ത ദിവസം നടക്കും. ജനുവരി ആദ്യവാരം പഞ്ചായത്ത് നഗരസഭാതല യോഗം ചേരും. 10ന് വിവരശേഖരണം തുടങ്ങും. ജനവരി 25 ന് കരട് റിപ്പോർട്ട് തയ്യാറാക്കി നൽകണം. ഫെബ്രുവരി 5 ന് ഗ്രാമസഭയിൽ കരട് റിപ്പോർട്ട് അംഗീകരിക്കണം. 10 ന് ഇതുസംബന്ധിച്ച് വികസന സെമിനാർ നടക്കും. 20 ന് ഗ്രാമ പഞ്ചായത്ത് നഗരസഭാ തലത്തിൽ അംഗീകാരം നൽകും. മാർച്ച് 14 ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതിയിൽ ദുരന്ത നിവാരണ സമിതി പദ്ധതി രേഖയ്ക്ക് അംഗീകാരം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുവിവരങ്ങൾ, ഭൂപ്രകൃതി, ചരിത്രം എന്നിവ പശ്ചാത്തലമാക്കിയുള്ള പദ്ധതി രേഖയാണ് നിലവിൽ വരിക. ഇതിനായുള്ള ഘടനയും മാർഗ്ഗരേഖയും കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന തയ്യാറാക്കിയിട്ടുണ്ട്.
റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തുന്നതിനായി ജില്ലയിൽ നിന്ന് 197 പദ്ധതികൾ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനായി പ്രവൃത്തികളുടെ മുൻഗണനാ പട്ടിക ആസൂത്രണ സമിതിയോഗത്തിൽ ചർച്ച ചെയ്തു. പ്രളയബാധിത ഗ്രാമ പഞ്ചായത്തുകൾക്ക് അധിക തുക ലഭിക്കുന്നതിനായുള്ള വിശദാംശങ്ങൾ, മാതൃക പദ്ധതികളുടെ ഡോക്യുമെന്റേഷൻ, ജില്ലാ റിസോഴ്സ് സെന്റർ രൂപീകരണം, വികേന്ദ്രീകൃത ആസൂതണം എന്നിവയും യോഗത്തിൽ ചർച്ചചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ്ങ് ഓഫീസർ സുഭദ്രനായർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.