കൽപ്പറ്റ: നൂറ്റാണ്ടിന്റെ വലയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ വയനാട് ഒരുങ്ങി. ഡിസംബർ 26 ന് ആകാശവിസ്മയത്തെ വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ടോട്ടം റിസോഴ്സ് സെന്റർ, റീജണൽ സയൻസ് സെന്റർ ആന്റ് പ്ലാനിറ്റോറിയം കോഴിക്കോട്, ആസ്‌ട്രോ കേരള, കുടുംബശ്രീ മിഷൻ വയനാട്, കൽപ്പറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, ശാസ്ത്രരംഗം, ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ സയൻസ് ക്ലബ്ബ് തുടങ്ങിയ സംഘടനകൾ രണ്ട് മാസത്തിലേറെക്കാലമായി ഗ്രഹണ വീക്ഷണത്തിനായുള്ള സൗകര്യങ്ങളുമായി പ്രവർത്തന രംഗത്തുണ്ട്.
ജില്ലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ, ശാസ്ത്രസാഹിത്യ പരിഷത്ത്, ടോട്ടം റിസോഴ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നാനൂറിലധികം വളണ്ടിയർമാർക്ക് ശാസ്ത്രാവബോധ ക്ലാസും വീക്ഷണോപാധികളുടെ നിർമ്മാണ പരിശീലനവും നൽകി. ആദിവാസി ഊരുകളിൽ ഗ്രഹണം കാണാനാവശ്യമായ വീക്ഷണോപാധികളുടെ വിതരണം ടോട്ടം റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ മോഡൽ റസിഡന്ഷ്യൽ സ്‌കൂളുകൾ വഴിയും ആദിവാസി ഊരുകൾ വഴിയും നടത്തി വരുന്നുണ്ട്.
ജില്ലയിലെ 197 ലൈബ്രറികളിൽ ഗ്രഹണനിരീക്ഷണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നൂറിലധികം ശാസ്ത്രാവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
ഡിസംബർ 26 ന് കൽപ്പറ്റയിലും മീനങ്ങാടിയിലും വിപുലമായ രീതിയിൽ സൂര്യഗ്രഹണ മഹാസംഗമങ്ങൾ നടക്കും. രാവിലെ 8.5 ന് ആരംഭിച്ച് 11.7 വരെ നടക്കുന്ന ഗ്രഹണം സുരക്ഷിതമായി കാണുന്നതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്‌കൂളിൽ ഗ്രഹണ മഹാസംഗമത്തോടനുബന്ധിച്ച് കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ എക്സിബിഷൻ ബസും, പ്രോജക്ഷൻ സ്‌ക്രീനും ഒരുക്കും.
ഉണർവ് നാടൻ കലാപഠനകേന്ദ്രത്തിന്റേയും നേര് നാടകവേദിയുടേയും, കൽപ്പറ്റ ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റേയും കലാപരിപാടികൾ ഉണ്ടായിരിക്കും. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ഫുഡ് കോർട്ട് ഗ്രൗണ്ടിൽ ഒരുക്കും.
പൊതുജനങ്ങൾക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി സൗരക്കണ്ണടകൾ ഗ്രൗണ്ടിൽ ലഭ്യമാക്കും. പരിപാടികളുടെ ഉദ്ഘാടനം സി കെ ശശീന്ദ്രൻ എം എൽ എ നിർവഹിക്കും. ജില്ലാ കളക്ടർ അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും.
മീനങ്ങാടിയിൽ പ്ലാനറ്റേറിയത്തിന്റെ നേതൃത്വത്തിൽ ഗ്രഹണം സംബന്ധിച്ച പാനൽ പ്രദർശനം ഉണ്ടാകും. പരിപാടികളുടെ ഉദ്ഘാടനം ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സീനിയർ സയന്റിസ്റ്റ് ഡോ.സബ്യസാചി ചാറ്റർജി നിർവഹിക്കും.
സൗരകണ്ണട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഉപയോഗത്തിന് മുമ്പ് ഫിൽട്ടറിൽ കേടുപാടുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം.
2. ഫിൽട്ടർ ഫിലിമിൽ വിരലടയാളം പതിയത്തക്ക രീതിയിൽ തൊടുകയോ തുടയ്ക്കുകയോ ചെയ്യരുത്.
3. കുട്ടികൾ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ മാത്രം കണ്ണട ഉപയോഗിക്കുക
4. ഗ്രഹണദിവസം ഒറ്റ തവണ ഉപയോഗിക്കുവാൻ മാത്രം തയ്യാറാക്കിയത് ആണ് സൗരകണ്ണടകൾ.
5. എതാനും സെക്കന്റുകൾ അല്ലാതെ തുടർച്ചയായി സൂര്യനെ നോക്കരുത്.
6. കൂടുതൽ പേർ ഉണ്ടെങ്കിൽ ഒരു കണ്ണട കൊണ്ട് രണ്ട് മൂന്ന് പേർക്ക് നിരീക്ഷണം നടത്താവുന്നതാണ്.
7. നോട്ടം പിൻവലിച്ചതിന് ശേഷം വേണം കണ്ണട ഊരി അടുത്ത ആൾക്ക് നൽകാൻ.