കോഴിക്കോട്: അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് വഴിയൊരുക്കിയത് സി.പി.എം ആണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. തുടക്കം മുതല്‍ തന്നെ വിവിധ കോണുകളില്‍നിന്ന് മാവോബന്ധവും മറ്റു തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് മാവോവാദി ബന്ധം സ്ഥാപിച്ച് യു.എ.പി.എയും സ്ഥാപിച്ചെടുക്കുകയായിരുന്നു. തുടക്കത്തില്‍ അലനെയും താഹയെയും അനുകൂലിച്ച ലോക്കല്‍ കമ്മിറ്റിയെയും മറ്റും തിരുത്താനും കേന്ദ്ര നേതൃത്വത്തെ മറികടന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും പൊലീസും പ്രതികാര നടപടികള്‍ തുടരുകയും കൂടുതല്‍ തെളിവുകള്‍ പടച്ചുണ്ടാക്കുകയുമാണ് ചെയ്തത്. ഇത് സ്വന്തം പാര്‍ട്ടിക്കാരെയും അനുഭാവികളെയും കേരളസമൂഹത്തെയും ഒറ്റിക്കൊടുക്കുന്നതിന് സമമാണെന്നും നഹാസ് പറഞ്ഞു.