കോഴിക്കോട്: എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവും സംയുക്തമായി സംഘടിപ്പിക്കുന്ന ഐഡിയാസ് ആൻറ് റെസിസ്റ്റൻസ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. മൂന്ന് ദിനങ്ങളിലായി കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡിൽ നടക്കുന്ന പരിപാടി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളുടെ ദേശീയ മുഖങ്ങളായി മാറിയ ജാമിഅമില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികളായ ആയിശ റെന്ന, ലദീദ ഫർസാന, ഷഫീൻ അബ്ദുള്ള എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രൊഫ. ഇർഫാൻ അഹ്മദ്, കാശമീരി മാധ്യമ പ്രവർത്തകയും അർട്ടിസ്റ്റുമായ സന്ന ഇർഷാദ് മാട്ടൂ, തെലുങ്ക് സാഹിത്യകാരകൻ സ്കെെ ബാബ, എഴുത്തുകാരി സൂസി താരു, ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി ടി ആരിഫലി, ചരിത്രകാരൻ ബാങ്ക്യാ ബുക്ക്യാ, എസ്.ഐ.ഒ

ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി, മലയാള സിനിമാ സംവിധായകരായ മുഹ്സിൻ പരാരി, സക്കരിയ മുഹമ്മദ്, ലീല സന്തോഷ്, ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു, കേരള ചരിത്ര ഗവേഷക അക്കാദമി ഡയറക്ടർ ഡോ. സനൽ മോഹൻ, ഡൽഹി സർവ്വകലാശാല അധ്യാപകരായ എം.ടി ഹാനി ബാബു, ജെനി റൊവീന,എഴുത്തുകാരിയും സംവിധായികയുമായ ജ്യോതി നിശ, ദലിത് ചിന്തകനായ കെ.കെ കൊച്ച്, കെ.കെ ബാബുരാജ് തുടങ്ങിയവർ പങ്കെടുക്കും.

നൂറോളം എഴുത്തുകാരും കലാ-സിനിമാ പ്രവർത്തകരും അക്കാഡമിഷ്യരും പങ്കെടുക്കും.

ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന കലാ സന്ധ്യകളിൽ കാശ്മീരി റാപ്പ് സംഗീതജ്ഞൻ മു അസ്സം ബട്ട്, ജെ.എൻ.യു വിദ്യാർത്ഥിയും റാപ്പ് സംഗീതജ്ഞനുമയ സുമിത് സാമോസ്, ഗസൽ ഖവാലി ഗായകരായ ഇമാം മജ്ബൂർ, സമീർ ബിൻസി,സൂഫി സംഗീതബാൻഡ് മെഹഫിലെ സമാ തുടങ്ങിയവർ അണിനിരക്കും.

വാർത്താസമ്മേളനത്തിൽ എസ്.ഐ.ഒ കേരള പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി, ബിനാസ് ടി എ, ഷമീർ ബാബു എന്നിവർ പങ്കെടുത്തു.