കോഴിക്കോട്: ദേശീയ പാത വികസനത്തിൻെറ പേരില്‍ തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്രവും വെറ്റിലപ്പാറ മുഹയുദ്ദീന്‍ ജുമാമസ്ജിദും നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ക്ഷേത്രം മസ്ജിദ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രം മുതല്‍ പള്ളിവരെ ദേശീയ പാതയോരത്ത് സംരക്ഷണ കവചം തീര്‍ക്കുന്നു. ഇന്ന് വൈകിട്ട് 3 മുതല്‍ 5വരെയാണ് പരിപാടി നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്‌കാരിക ആധ്യാത്മിക നേതാക്കളും ജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം മസ്ജിദ് സംരക്ഷണ സമിതി കൺവീനര്‍ വിജയന്‍ കണ്ണഞ്ചേരി, ചെയര്‍മാന്‍ എം.പി മൊയ്തീന്‍ കോയ, യു.കെ രാഘവന്‍, ഇ.കെ കുഞ്ഞിമായിന്‍, എ.കെ സുനില്‍ കുമാര്‍, കെ.കെ മുജീബ്, കെ നസ്രുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.