കൽപ്പറ്റ: സംസ്ഥാന വൈദ്യുതിബോർഡ് ജില്ലാതല വൈദ്യുതി അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ
സംസ്ഥാന തല ഉദ്ഘാടനം ജനുവരി 11 ന് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ വൈദ്യുതി മന്ത്രി എം.എം.മണി നിർവ്വഹിക്കും. ജനുവരി 11 മുതൽ ഫെബ്രുവരി 15 വരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വെച്ച് നടത്തുന്ന വൈദ്യുതി അദാലത്തുകളിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുകയും സമയബന്ധിതമായി തീർപ്പുകൽപ്പിക്കുകയും ചെയ്യും.
പ്രോപ്പർട്ടി ക്രോസിങ്ങ്, മരംമുറി നഷ്ടപരിഹാരം,ഫോറസ്റ്റ് ക്ലിയറൻസ്, സർവ്വീസ് കണക്ഷൻ, ലൈൻ/പോസ്റ്റ് മാറ്റി സ്ഥാപിക്കൽ, വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ, ബില്ല്, താരീഫ് സംബന്ധമായ പരാതികൾ, മീറ്റർ കേടുവന്നത് സംബന്ധമായ പരാതികൾ, കുടിശ്ശിക നിവാരണം, റവന്യൂ റിക്കവറി കൂടാതെ മറ്റു വ്യവഹാരങ്ങൾ,വോൾട്ടേജ് ക്ഷാമം, വൈദ്യുത മോഷണമൊഴിച്ചുള്ള വൈദ്യുതി ദുരുപയോഗം, ഉടമസ്ഥാവകാശം മാറ്റൽ,കേബിൾ ടിവി ലൈൻ തർക്കങ്ങൾ (കേബിൾ ടിവി സംരംഭകരെ മാത്രം ഉദ്ദേശിച്ച്), സുരക്ഷാ സ്റ്റാറ്റ്യൂട്ടറി ക്ലിയറൻസ് പ്രശ്നങ്ങൾ, വഴിയവകാശ (സഞ്ചാരാവകാശ) പ്രശ്നങ്ങൾ, കൂടാതെ ഉല്പാദന പ്രസരണ വകുപ്പുകളുമായുള്ള തർക്കങ്ങൾ എന്നിവയെല്ലാം അദാലത്തിൽ തീർപ്പാക്കും.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും അതാത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായി ബന്ധപെടണം. അപേക്ഷ ഡിസംബർ 23 മുതൽ സ്വീകരിക്കും.