കോഴിക്കോട്: നൂറ്റാണ്ടുകൾക്ക് ശേഷം ആകാശത്തുണ്ടായ വിസ്മയക്കാഴ്ച ആഘോഷമാക്കി കോഴിക്കോട്ടെ ജനങ്ങള്‍. വലയ സൂര്യഗ്രഹണം കാണാന്‍ നിരവധി പേരാണ് അതിരാവിലെ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ വിപുലമായ സൗകര്യങ്ങളൊരുക്കി. പൊതുജനങ്ങള്‍ക്ക് ഗ്രഹണം കാണാനായി ബിഗ് സ്‌ക്രീന്‍, ടെലസ്‌ക്കോപ്പ്, സോളാര്‍ ഫില്‍ട്ടര്‍ കണ്ണടകള്‍, പിന്‍ ഹോള്‍ കാമറകള്‍ തുടങ്ങിയവയും ഒരുക്കിയിരുന്നു.
രാവിലെ 8.04 മുതല്‍ ചന്ദ്രന്‍ സൂര്യനെ മറയ്ക്കാന്‍ തുടങ്ങി. 9.24 ആയപ്പോഴേക്കും സൂര്യൻെറ മധ്യഭാഗം ചന്ദ്രനാല്‍ മറയക്കപ്പെട്ട് ബാക്കിയുള്ള ഭാഗം സ്വര്‍ണ്ണ പ്രകാശവലയമായി മാറി. പിന്നീട് സാവധാനം ചന്ദ്രന്‍ നീങ്ങി 11 മണിയാകുമ്പാഴേക്കും സൂര്യന്‍ സാധാരണ രീതിയിലായി. പ്ലാനറ്റേറിയത്തില്‍ രാവിലെ 8.4ലോട് കൂടി ഗ്രഹണം ദൃശ്യമായെങ്കിലും 9.24ഓടെയാണ് പൂര്‍ണതയില്‍ എത്തിയത്. 93ശതമാനത്തോളം സൂര്യഗ്രഹണം ദൃശ്യമായി. എന്നാല്‍ ഇടയ്ക്ക് ആകാശം മേഘാവൃതമായതിനാല്‍ ഗ്രഹണം കാണാന്‍ സാധിച്ചില്ല. രണ്ടര മിനിട്ട് നേരമാണ് വലയ ഗ്രഹണം ദൃശ്യമായത്.
പ്ലാനറ്റേറിയത്തിലൊരുക്കിയ വലിയ സ്‌ക്രീനിലൂടെ കാഴ്ച കാണാന്‍ സാധിച്ചെങ്കിലും കുട്ടികള്‍ക്ക് സോളാര്‍ കണ്ണടകളും പിന്‍ഹോള്‍ കാമറകളും ഉപയോഗിച്ച് നോക്കുന്നതിലായിരുന്നു കൗതുകം. സന്ദര്‍ശകര്‍ക്കുള്ള കണ്ണടകളും മറ്റ് ഉപകരണങ്ങളും പ്ലാനറ്റേറിയത്തില്‍ നിന്ന് നല്‍കി. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുന്നത് കാഴ്ചയ്ക്ക് പ്രശ്‌നമാകുമെന്നതിനാല്‍ മിക്കയിടത്തും സോളാര്‍ കണ്ണടകളും പ്രത്യേകം സജ്ജമാക്കിയ സ്‌ക്രീനുകളും ഒരുക്കിയിരുന്നു. ഗ്രഹണം തുടങ്ങിയ സമയത്ത് തന്നെ അന്തരീക്ഷത്തിനും മാറ്റം വന്നിരുന്നു. ചെറിയ ഇരുട്ടും അതിനിടയിലൂടെ സ്വര്‍ണ വര്‍ണ്ണമായി സൂര്യരശ്മികളും എത്തി. നഗ്ന നേത്രം കൊണ്ട് വീക്ഷിക്കരുതെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ കരുകതലോടെയാണ് ഗ്രഹണം ദര്‍ശിച്ചത്.
വടക്കന്‍ ജില്ലകളിലാണ് ഒരേ പോലെ വലയ സൂര്യഗ്രഹണം ദൃശ്യമായത്. 130 കിലോമീറ്ററോളം വീതിയുള്ള ഗ്രഹണ പാതയുടെ മധ്യരേഖ കടന്നുപോകുന്നത് ഈ ജില്ലകളിലൂടെയായതിനാലാണ് രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും ഇത് സാധ്യമായത്. എട്ടു വര്‍ഷത്തിനു ശേഷമാണ് വലയ സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2010 ല്‍ തിരുവന്തപുരത്താണ് വലയ സൂര്യഗ്രഹണം പ്രത്യക്ഷപ്പെട്ടത്.
മാനാഞ്ചിറ, വിവിധ സ്‌കൂളുകള്‍ തുടങ്ങിയിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വലയഗ്രഹണ ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിരുന്നു.