കോഴിക്കോട്: വ്യാപാരികള്‍ക്കായി ഓണ്‍ലൈന്‍ ഐ.ടി സംവിധാനമൊരുക്കാന്‍ ചുമതലപ്പെടുത്തി കമ്മീഷന്‍ ഇനത്തില്‍ 35 ലക്ഷം രൂപ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ തട്ടിയതായി പരാതി. കോഴിക്കോട്ടെ യൂനിവേര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ദീപക് സുരേഷ്, പിതാവ് ടി.കെ. സുരേഷ് ബാബു എന്നിവരാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡനറ് ടി. നസ്റുദ്ദീന്‍, ജില്ല ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍ എന്നിവര്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്. 2012ല്‍ വ്യാപാരികള്‍ക്ക് ഇ കൊമേഴ്‌സ് സംവിധാനമൊരുക്കാന്‍ യൂനിവേര്‍ സാലൂഷന്‍സിന് ചുമതല നല്‍കുകയും ഇതിനായി 35ലക്ഷം നസ്‌റുദ്ദീന്‍ കൈപ്പറ്റിയെന്നുമാണ് ആരോപണം. പത്തുലക്ഷം വ്യാപാരികളില്‍ നിന്ന് പണം വാങ്ങി ഇത് ലഭികരമാക്കാമെന്ന ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു ലക്ഷം രൂപ ചെക്കായും 34 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി കോഴിക്കോട്ടുവെച്ച് നല്‍കിയെന്നും ഇവര്‍ പറയുന്നു. നസിറുദ്ദീനുവേണ്ടി ജില്ല ജനറല്‍ സെക്രട്ടറി കെ. സേതുമാധവനാണ് തുക കൈപറ്റിയത്. എന്നാല്‍ ഏഴുവര്‍ഷമായിട്ടും പദ്ധതിയില്‍ വ്യാപാരികളെ ചേര്‍ക്കാന്‍ നടപടിയുണ്ടായില്ലെന്നും പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വ്യാപാരികളെ വിട്ട് ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ഇരുവരും പറഞ്ഞു. ഇതുസംബന്ധിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഡി.ജി.പിക്ക് നല്‍കിയ പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി മുഖേനെ നടക്കാവ് പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും സിറ്റി പൊലീസ് മേധാവിയെകണ്ട് പരാതി ഉന്നയിച്ചപ്പോള്‍ അന്വേഷിക്കാമെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വിരമിച്ച പിതാവിൻെറയും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച മാതാവിൻെറയും റിട്ടയര്‍മെൻറ് തുകയും വിവിധയിടങ്ങളില്‍ നിന്ന് വായ്പയെടുത്തുമാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ തുക മുടക്കിയത്. എന്നാല്‍ ഇന്ന് കടം കാരണം കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ദീപക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഴുവന്‍ ജില്ല പ്രസിഡനറുമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.