കൽപ്പറ്റ: നൂറ്റാണ്ടിന്റെ വലയ സൂര്യഗ്രഹണത്തെ വരവേറ്റ് വയനാട് വരവേറ്റു. ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ജില്ലയിലെത്തിയത്. മഞ്ഞ് മൂടിയ കാലാവസ്ഥയായതിനാൽ സൂര്യഗ്രഹണം ഭാഗികമായാണ് ജില്ലയിൽ ദൃശ്യമായത്.

ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോഴിക്കോട് റീജണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയം, ആസ്‌ട്രോ കേരള തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് വലയ സൂര്യഗ്രഹണം പൊതുജനങ്ങൾക്ക് കാണുന്നതിന് ഒരുക്കങ്ങൾ നടത്തിയത്.
കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ നടന്ന ഗ്രഹണ സംഗമം സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രഹണ കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ എക്സിബിഷൻ ബസും, പ്രോജക്ഷൻ സ്‌ക്രീനും ഒരുക്കിയിരുന്നു. ഉണർവ് നാടൻകലാപഠനകേന്ദ്രത്തിന്റേയും നേര് നാടകവേദിയുടേയും, കൽപ്പറ്റ ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റേയും കലാപരിപാടികളും നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഫുഡ് കോർട്ടും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി സൗരക്കണ്ണടകൾ ഗ്രൗണ്ടിൽ ലഭ്യമാക്കി.

ജില്ലാ കളക്ടർ അദീല അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനിത ജഗദീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലഗോപാലൻ, പ്രസിഡന്റ് കെ.എം രാഘവൻ, പ്ലാനിറ്റോറിയം ഓഫീസർ സി.എൻ സുനിൽ, ടോട്ടം റിസോഴ്സ് സെന്റർ ഡയറക്ടർ കെ.അരുൺകുമാർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം. കെ ദേവസ്യ, ആസ്‌ട്രോ വയനാട് സാബു ജോസ്, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ പി.സാജിത, സയൻസ് ക്ലബ് ജില്ലാ കോർഡിനേറ്റർ എം.സുനിൽ കുമാർ, ശാസ്ത്രരംഗം കോർഡിനേറ്റർ സി.ജയരാജൻ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ ബാബുരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.കെ.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

സൗരോത്സവമാക്കി മാനന്തവാടി നഗരസഭ
മാനന്തവാടി: സൂര്യഗ്രഹണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഒരുക്കിയിരുന്നു. നക്ഷത്ര നിരീക്ഷണം, ശാസ്ത്ര ബോധവൽക്കരണ ക്ലാസ്സുകൾ, മാജിക് ഷോ, അന്ധവിശ്വാസങ്ങൾക്കെതിരായുള്ള ക്യാമ്പയിൻ തുടങ്ങിയ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയത്. മാനന്തവാടി ഗവ. യു.പി. സ്‌കൂളിൽ നടന്ന പരിപാടി ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു അദ്ധ്യക്ഷത വഹിച്ചു. ആസ്‌ട്രോ വയനാട് ജില്ലാ സെക്രട്ടറി ജോൺ മാത്യൂ സൂര്യഗ്രഹണ തൽസമയ വിശദീകരണം നടത്തി. നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, സംഘാടക സമിതി കൺവീനർ കെ.അജയകുമാർ, മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സിമ്മീർ, ഡൽഹി സിറ്റി ബാങ്ക് മാനേജർ സഫൽ എന്നിവരും മാനന്തവാടിയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും പങ്കെടുത്തു. ചിലമ്പ് നാടൻ പാട്ട് സംഘത്തിന്റെ നാടൻപാട്ടും അരങ്ങേറി.