സുൽത്താൻ ബത്തേരി: കടുവ മനുഷ്യനെ കൊന്ന് തിന്ന സംഭവത്തിൽ വടക്കനാട് പച്ചാടി പ്രദേശത്തെ ജനങ്ങളുടെ രോഷം അണപൊട്ടി. കൊല്ലപ്പെട്ട മാസ്തിയുടെ മൃതദേഹം പെട്ടന്ന് തന്നെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനുള്ള വനം വകുപ്പിന്റെ നടപടി തടഞ്ഞുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധവുമായി പ്രദേശത്ത് തടിച്ചുകൂടിയത്.

കടുവ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മാസ്തിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക , ആശ്രിതന് വനം വകുപ്പിൽ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നാട്ടുകാർ മൃതദേഹം നീക്കം ചെയ്യുന്നത് തടഞ്ഞത്.

സ്ഥലത്തെത്തിച്ചേർന്ന ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നാട്ടുകാരുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും വനം വകുപ്പ് മന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മൃതദേഹം വനത്തിൽ നിന്ന് നീക്കാൻ നാട്ടുകാർ അനുവദിച്ചത്.

കടുവയെ നിരീക്ഷിക്കുന്നതിനായി ബുധനാഴ്ച വൈകീട്ട് തന്നെ നാല് കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിച്ചു. നാലാം മൈൽ ഡ്രൈയിംഗ് യാർഡ് വഴി നേരത്തെയുണ്ടായിരുന്ന റോഡ് തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം സർക്കാരിന്റെയും വകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തും.
വടക്കനാട് -പച്ചാടി, വള്ളുവാടി പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. വടക്കനാട് കൊമ്പൻ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായിരുന്നു. ജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങളെതുടർന്ന് ആനയെ പിടികൂടാൻ സർക്കാർ ഉത്തരവിടുകയായിരുന്നു. അതിനിടെ തന്നെ ഈ പ്രദേശത്ത് കടുവ ശല്യവും രൂക്ഷമായി.