സുൽത്താൻ ബത്തേരി: സൂര്യബിംബത്തെ ചന്ദ്രൻ മറയ്ക്കുന്ന പ്രതിഭാസം നേരിട്ട് കാണാൻ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ശാസ്ത്രജ്ഞർ ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലെത്തിയത്. കനത്ത മൂടൽ മഞ്ഞും മഴക്കാറും വ്യക്തതയോടെ ഗ്രഹണം കാണാൻ കാത്തിരുന്നവർക്ക് നിരാശയാണ് സമ്മാനിച്ചത്. വയനാട്ടിലെ മിക്ക കേന്ദ്രങ്ങളിലും ഗ്രഹണം കറുത്തമേഘ പാളികൾക്കിടയിലൂടെ സെക്കന്റുകളും മിനിറ്റുകളും മാത്രമാണ് പലർക്കും കാണാനായത്.
വലയ സൂര്യഗ്രഹണത്തെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ജില്ലയിലെങ്ങും നടത്തിയിരുന്നത്.

സുൽത്താൻ ബത്തേരി സെന്റ്‌ മേരീസ്‌ കോളേജിൽ പൂനെ ആസ്ഥാനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സും സെന്റ്‌ മേരീസ്‌ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗവും സംയുക്തമായാണ് കോളേജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയത്. ഇവിടെയെത്തിയ നൂറ്കണക്കിന്‌ പേർക്ക് സൗജന്യമായി സോളാർ ഫിൽട്ടർ കണ്ണടകൾ നൽകി. വലിയ ടെലിസ്‌കോപ്പിലൂടെ വലയ സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ സ്‌ക്രീനിൽ കാണിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
മൂടൽമഞ്ഞും,മേഘങ്ങളും സൂര്യഗ്രഹണത്തെ മറച്ചെങ്കിലും 9.12 -ഓടുകൂടി വലയ സുര്യനെ ഒരു മിനിറ്റോളം കാണാൻ കഴിഞ്ഞു. വീണ്ടും കറുത്തമേഘങ്ങൾ സൂര്യനെ മറച്ചു. ഒരു മിനിറ്റ് കഴിഞ്ഞ്‌ മേഘപാളികൾ നീങ്ങിയപ്പോൾ വീണ്ടും സെക്കന്റുകൾ സൂര്യനെ കാണാനായി. ഇങ്ങനെ ഇടവിട്ട് സെക്കന്റുകൾ വലയ സൂര്യന്റെ പ്രഭ ദർശിക്കാൻ കഴിഞ്ഞു.

9.19-ഓടുകൂടി അന്തരീക്ഷം പെട്ടന്ന് തണുക്കുകയും മഞ്ഞും മേഘപാളികളും താഴ്ന്ന് മഴയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. അരമണിക്കൂറിനു ശേഷം വീണ്ടും സൂര്യൻ മെല്ലെ ദൃശ്യമാകാൻ തുടങ്ങിയപ്പോഴേക്കും ഗ്രഹണം അവസാനിച്ചിരുന്നു.
ബത്തേരി സ്വതന്ത്രമൈതാനിയിലും താലൂക്കിലെ വിവിധ സ്‌കൂളുകൾ, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം, ചീങ്ങേരി, ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിലുമെല്ലാം ഗ്രഹണം കാണാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ചിലയിടങ്ങളിൽ വ്യക്തതയോടെ കാണാൻ കഴിഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ് .
008-ബത്തേരി സെന്റ്‌മേരീസ്‌കോളേജ് ഗ്രൗണ്ടിൽ വലയ സൂര്യഗ്രഹണം കാണുന്ന കുട്ടികൾ

0012-വലയ സൂര്യഗ്രഹണം വലിയ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ സ്‌ക്രീനിൽ കാണിക്കുന്നതിനായി സജ്ജീകരിച്ചത്.
0013- കറുത്തമേഘപാളികൾ മാറിയപ്പോൾ ആകാശത്ത് ദൃശ്യയമായ വലയ സൂര്യഗ്രഹണം വീക്ഷിക്കുന്ന ആളുകൾ ബത്തേരി സെന്റ്‌ മേരീസ്‌ കോളേജ് ഗ്രൗണ്ടിൽ നിന്നുള്ള ദൃശ്യം