കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാട് കുന്ന് റോഡ് വികസനത്തിനായി ദേശീയ പാത ഉപരോധിച്ചതിന് പ്രശസ്ത ചരിത്രകാരൻ എം. ജി. എസ് നാരായണനും പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലനും ഉൾപ്പെടെ 12 പേർക്ക് കോഴിക്കോട് ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി (4) ജഡ്ജി വി വിനോദ് 1300 രൂപ വീതം പിഴ ശിക്ഷ വിധിച്ചു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ ആർക്കും അധികാരമില്ലെന്നും സമരം ആവർത്തിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് 29നാണ് കേസിനാസ്പദമായ സംഭവം.മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി ദേശീയപാതയിൽ മലാപ്പറമ്പിൽ എം.ജി.എസ് നാരായണൻ, തായാട്ട് ബാലൻ, ഗ്രോ വാസു തുടങ്ങിയവർ ഉപരോധ സമരം നടത്തിയിരുന്നു.ഒരു മണിക്കൂർ കഴിഞ്ഞിട്ടും സമരം അവസാനിപ്പിക്കാത്തതിനെതുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി അസൽ രേഖകൾ സമർപ്പിച്ചവർക്ക് ഭൂമി വില ഉടൻ നൽകുക,ശേഷിക്കുന്നവരുടെ ഭൂമി ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഏറ്റെടുക്കുക,മാർച്ച് എട്ടിന്റെ ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാർ അനുവദിച്ച 100 കോടി രൂപ ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റോഡ് ഉപരോധം.കോടതി വിധി അംഗീകരിക്കുന്നുവെന്നും എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്നും എം.ജി. എസ് നാരായണൻ പ്രതികരിച്ചു.ജനങ്ങളുടെ ജീവന് വേണ്ടിയുള്ള സമരമാണിതെന്നും ഇനിയും സമരം നടത്തുമെന്ന് തായാട്ട് ബാലനും പറഞ്ഞു.