നാല് പേർക്കെതിരെ കേസെടുത്തു
വെള്ളമുണ്ട: സ്‌കൂളിൽ കയറി എൻ.എസ്.എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ വെള്ളമുണ്ട പൊലീസ് കേസെടുത്തു. കാരക്കാമല സ്വദേശികളായ നാല് യുവാക്കളാണ് കഴിഞ്ഞ ദിവസം കൊമ്മയാട് സെന്റ് സെബ്സ്റ്റ്യൻ സ്‌കൂളിൽ കയറി കല്ലോടി ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെയും അദ്ധ്യാപകനെയും മർദ്ദിച്ചത്.
സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിനക്യാമ്പ് കൊമ്മയാട് സ്‌കൂളിൽ വെച്ച് നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകനും നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ സ്‌കൂൾ കോമ്പൗണ്ടിൽ മദ്യപിച്ച് ജീപ്പിലെത്തിയ നാല് യുവാക്കളാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പരുക്കേറ്റ മദ്യപിച്ചെ കോ ഓഡിനേറ്റർ തോമസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ആൽബിൻ ജോസ്, ബ്രാഡ്ലി അലക്സ്, ആതിൽ ജസീം, ജോർജി പ്രകാശ്, ഷോൺതോമസ്, ആരോമൽ പി രഞ്ജിത്, അതുൽ കൃഷ്ണ, ജോസഫ് മാത്യു, അമിത് എം ബിനു, അക്ഷയ് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
പല കുട്ടികളുടെയും കൈകൾ പൊട്ടിയിട്ടുണ്ട്. ക്യാമ്പ് നടക്കുന്ന വിദ്യാലയത്തിൽ പെൺകുട്ടികളുടെ ടോയ്ലറ്റിന് സമീപത്ത് നിന്നും പോവാൻ പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തുടർന്ന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഇവർ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.
പരുക്കറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പരുക്കേറ്റ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്തതല്ലാതെ ആരെയും പിടികൂടിയിട്ടില്ല. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ പ്രതികൾ രക്ഷപ്പെട്ടതായി ആക്ഷേപമുയർന്നിട്ടുണ്ട്.