കൽപ്പറ്റ: വയനാടിനെ കാർബൺ ന്യൂട്രൽ പാക്കേജുകളുടെ ഹബ്ബാക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറഞ്ഞു. ക്ലീൻ കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ടൂറിസം സംരഭകരുടെ പരിശീലന പരിപാടിയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ ഏറ്റവും അധികം വൈവിധ്യമാർന്ന യൂണിറ്റുകൾ പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലാണ്. 1500ൽ അധികം യൂണിറ്റുകളാണ് ജില്ലയിലള്ളത്. ചേകാടി, ചെറുവയൽ, നെല്ലാറച്ചാൽ തുടങ്ങി നിരവധി വയനാടൻ ഗ്രാമങ്ങൾ ലോകത്ത് തന്നെ ശ്രദ്ധേയമായ എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജുകളുടെ കേന്ദ്രമായിരിക്കുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്ന ഈ പാക്കേജുകൾക്ക് സമാനമായി ജില്ലയിൽ പുതുതായി 15 പാക്കേജുകൾ കൂടി തയ്യാറായിട്ടുണ്ട്. സ്റ്റോറി ടെല്ലിംഗ് പാക്കേജുകളും ഗ്രാമയാത്രാ പാക്കേജുകളും ഉൾപ്പെടെ 15 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകളാണ് ജില്ലയിൽ മിഷൻ തയ്യാറാക്കിയിട്ടുള്ളത്. വിവിധ യൂണിറ്റുകളിലായി ജില്ലയിൽ മൂവായിരത്തിലധികം തദ്ദേശവാസികൾ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമാണ്. വയനാടൻ രുചി വൈവിധ്യം സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കാൻ എക്സപീരിയൻസ് എത്നിക് ക്യു സീൻ പ്രോഗ്രാമും ആരംഭിച്ചു.ഇതിന്റെ ഭാഗമായി 118 വീടുകൾ സഞ്ചാരികൾക്ക് ഭക്ഷണം ഒരുക്കാൻ തയ്യാറായി കഴിഞ്ഞു.

വയനാടിന്റെ പച്ചപ്പാണ് ഈ നാടിന്റെ ഏറ്റവും വലിയ ടൂറിസം ആകർഷണം എന്ന് ഓർത്തില്ലെങ്കിൽ വയനാട് ടൂറിസത്തിന് അധികം ആയുസ്സുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ അംഗീകൃത ഹോട്ടലുകൾ റിസോർട്ടുകൾ ,ഹോം സ്റ്റേകൾ എന്നിവ ജനുവരി 1 ഓടെ പ്ലാസ്റ്റിക് വിമുക്ത മാക്കും.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

38 ടൂറിസം സംരംഭങ്ങൾ 19 ഇനം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. ഡബ്ല്യു ടി ഒ പ്രസിഡന്റ്, വാഞ്ചീശ്വരൻ, ഡബ്ല്യു ടി എ ജില്ലാ സെക്രട്ടറി ആസാദ് എന്നിവർ സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ സിജോ മാനുവൽ സ്വാഗതവും ടൂറിസം ഇൻഫർമേഷൻ ഓഫീസർ വി.സലിം നന്ദിയും പറഞ്ഞു.