കോഴിക്കോട്: നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട് അടുത്ത മാർച്ചിൽ സർക്കാരിന് സമർപ്പിക്കും.
തുടർച്ചയായി രണ്ടു വർഷം നേരിട്ട പ്രളയത്തിന് ശേഷം പരിസ്ഥിതിയിൽ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സമിതി റിപ്പോർട്ടിൽ ഇതിന് ഊന്നൽ നൽകുമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമിതി സിറ്റിംഗിൽ ചെയർമാൻ മുല്ലക്കര രത്നാകരൻ പറഞ്ഞു. ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിർദ്ദേശങ്ങൾ സ്വരൂപിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ക്വാറികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലുള്ള മോണിറ്ററിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. നിയമപരമായ കാര്യങ്ങൾക്കു പുറമെ നിയമത്തിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രയാസങ്ങൾ, ഉദ്യോഗസ്ഥതലത്തിലുളള ബുദ്ധിമുട്ടുകൾ എന്നിവയും റിപ്പോർട്ടിലുണ്ടാകും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലുള്ള വീഴ്ചകൾ പരിഹരിക്കാനും നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ ക്വാറി മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കൂടുതൽ ശാസ്‌ത്രീയമായി പഠിക്കേണ്ടിയിരിക്കുന്നു. നിലവിലെ നിയമവ്യവസ്ഥകളിലുള്ള പോരായ്മകളെന്ന പോലെ പരിഹാരങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തും.
സമിതി ജനുവരിയിൽ ഇടുക്കി സന്ദർശിക്കും. പുതിയ സാഹചര്യത്തിൽ സമഗ്രമായ പരിസ്ഥിതി പഠനം അനിവാര്യമാണ്. ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് സമൂഹത്തിന് ബോദ്ധ്യമാകണം. മാനദണ്ഡങ്ങൾ പാലിച്ചാണ് ഖനനം നടത്തുന്നതെന്ന് ഉറപ്പാക്കാൻ വകുപ്പുകൾ ഏകീകൃത സ്വാഭാവത്തോടെ പ്രവർത്തിക്കണം.
പ്രളയത്തിനു പിറകെ ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കയേറിയിരിക്കുകയാണ്. ഇതു സംബന്ധിച്ച പരാതികൾ 15 ദിവസത്തിനകം ജില്ലാ കളക്ടർ മുഖേന നൽകാൻ സമിതി നിർദ്ദേശിച്ചു.
സിറ്റിംഗിൽ സമിതി അംഗങ്ങളായ കെ.ബാബു, കെ.വി.വിജയദാസ്, പി.ടി.എ.റഹീം, എ.ഡി.എം റോഷ്‌നി നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്, സബ് കളക്ടർ ജി.പ്രിയങ്ക, അണ്ടർ സെക്രട്ടറി അനിൽകുമാർ, വടകര ആർ ഡി ഒ വി.പി.അബ്ദുറഹ്‌മാൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസമുണ്ടായ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൈക്കാടൻ മല നിയമസഭാ സമിതി ചെയർമാനും അംഗങ്ങളും സന്ദർശിച്ചു. നാട്ടുകാരിൽ നിന്ന് പിന്നീട് നേരിട്ട് തെളിവെടുത്തു.
''പ്രകൃതിവിഭവങ്ങൾ ഭാവിതലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണ്. പ്രകൃതിയെ പരിഗണിച്ചുള്ള വികസനം വേണം നടപ്പിലാക്കാൻ. ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തോടെ ചുമതല നിർവഹിക്കേണ്ടതുണ്ട്.
മുല്ലക്കര രത്നാകരൻ,
ചെയർമാൻ നിയമസഭാ
പരിസ്ഥിതി സമതി
ക്വാറികളെച്ചൊല്ലിയുള്ള
പരാതികൾ
15 ദിവസത്തിനകം
സമർപ്പിക്കണം