കോഴിക്കോട്: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കേക്ക് വില്പന നടത്തി വിദ്യാർത്ഥികൾ. ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ കസ്റ്റംസ് കേഡറ്റ് കോർ വിദ്യാർത്ഥികളാണ് വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന 25 കിലോ കേക്ക് വില്പന നടത്തി പണം സ്വരൂപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.

കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് പരിസരത്താണ് കേക്ക് വില്പന നടത്തിയത്. കേക്കിന് പത്ത് രൂപ മുതൽ 100 രൂപ വരെ നൽകിയാണ് ബീച്ചിലെത്തിയവർ ധനസമാഹരണത്തിന് സഹകരിച്ചത്.
വില്പനയിലൂടെ ലഭിച്ച തുകയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വീൽ ചെയറുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിൽപനക്ക് മുഹമ്മദ് നിഹാൽ, അമൻ യാസീൻ, അമൽ മഹ്മൂദ്, ഫാത്തിമ ബീവി, മുഹമ്മദ് ഷാമിൽ തുടങ്ങിയ കേഡറ്റുകൾ നേതൃത്വം നൽകി. പരിപാടിയിൽ കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സി.ജെ തോമസ്, ഹിമായത്ത് ഹെഡ്മാസ്റ്റർ വി.കെ ഫൈസൽ, മാനേജർ കെ.ഹസ്സൻകോയ, കസ്റ്റംസ് കേഡറ്റ് കോ-ഓർഡിനേറ്റർ ഷാനവാസ്. എം.പി, പി.ടി.എ പ്രസിഡൻറ് ഷാജി ക്രൈഫ് എന്നിവർ പങ്കെടുത്തു.