ചാലിയം: മത്സ്യത്തൊഴിലാളികളുടെ ഭവനനിർമ്മാണ പദ്ധതിയ്ക്കുള്ള സർക്കാർ ധനസഹായം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും പണി പൂർത്തിയായ വീടുകളുടെ ആധാരം തിരിച്ചു നൽകണമെന്നും
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഭൂമി വാങ്ങി വീടു നിർമ്മിക്കുന്നതിന് ഇപ്പോൾ നിലവിലുള്ള 10 ലക്ഷം രൂപ തീർത്തും അപര്യാപ്തമാണ്. അശാസ്ത്രീയ മത്സ്യബന്ധനം നിരോധിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.
ചാലിയം 'ആളിപ്പത്ത് മൊയ്‌തീൻ കോയ നഗറി'ൽ എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.കെ.നാസർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പീതാംബരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.സ്വർണലത, ടി.വി.ഉണ്ണികൃഷ്‌ണൻ, കെ.പി.ഹുസൈൻ, ഒ.ഭക്തവത്സലൻ, പി. ഷാജി, എം.അക്ഷയ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഇ.കെ. ഹരീഷ് (പ്രസിഡന്റ്), കെ.വി. അഹമ്മദ് കോയ ( വർക്കിംഗ് പ്രസിഡന്റ്), എം. ജയരാജൻ, പി ജലീൽ (വൈസ് പ്രസിഡണ്ടുമാർ), പി പീതാംബരൻ (സെക്രട്ടറി), ഇ കെ ബൈജു, എം അബ്ദുറഹ്‌മാൻ കുട്ടി (ജോയിന്റ് സെക്രട്ടറിമാർ), കെ.പി ഹുസൈൻ ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. മജീദ് വെൺമരത്ത് സ്വാഗതവും ടി.എ. ഷബീറലി നന്ദിയും പറഞ്ഞു.