വെള്ളമുണ്ട: എട്ടേനാൽ ഹൈസ്‌കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഈ മാസം 29 മുതൽ നടക്കുന്ന ആരവം 2020 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ പ്രചരണാർത്ഥം ലഹരിക്കെതിരെ ഫ്ളാഷ്‌മോബും തെരുവ് നാടകവും ജില്ലയിൽ പര്യടനം ആരംഭിച്ചു.
ജനമൈത്രി എക്‌സൈസ് വകുപ്പും ദ്വാരക ഗുരുകുലം കോളേജ്,വെള്ളമുണ്ട എയുപി സ്‌കൂൾ,റേഡിയോ മാറ്റൊലി,വെള്ളമുണ്ട ജിഎംഎച്ച്എസ്എസ് എന്നിവയുടെ സഹകരണത്തോടെയാണ് രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തുന്നത്.
തരുവണയിൽ നിന്നാരംഭിച്ച പര്യടനം ഇന്നലെ പടിഞ്ഞാറത്തറ,കൽപ്പറ്റ,പനമരം,നാലാംമൈൽ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഇന്ന് നിരവിൽപ്പുഴ,വെള്ളമുണ്ട,തേറ്റമല,തലപ്പുഴ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം മാനന്തവാടിയിൽ സമാപിക്കും.
വെള്ളമുണ്ട പൊലീസ് സ്‌റ്റേഷൻ ഓഫീസർ സന്തോഷ് പര്യടനം ഉദ്ഘാടനം ചെയ്തു. ആരവം 2020 കമ്മറ്റി ചെയർമാൻ പി കെ അമീൻ അദ്ധ്യക്ഷം വഹിച്ചു.മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടർ പി ഷറഫുദ്ദീൻ ലഹരി വിരുദ്ധ സന്ദേശം നൽകി.കൺവീനർ കെ റഫീഖ്,പള്ളിയാൽ സൂപ്പി,സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.