വെള്ളിമാട്കുന്ന്: ആദർശങ്ങളിലൂന്നി നീതി നടപ്പാക്കുകയെന്നതാണ് മതങ്ങളുടെ അന്തഃസത്തയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പറഞ്ഞു. ജെ.ഡി.ടിയിൽ നടന്ന ലീഗൽ സർവിസസിൻറ കീഴിൽ മാദ്ധ്യസ്ഥ്യ അനുരഞ്ജനകേന്ദ്രം നടത്തിയ മൂന്നു ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധർമം, കരുണ,നന്മ എന്നിവയാണ് പ്രമുഖ മതങ്ങളായ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ മുന്നോട്ടു വെക്കുന്ന ആദർശങ്ങൾ. മതങ്ങളുടെ പരമമായ ലക്ഷ്യം നീതി ഉറപ്പുവരുത്തലാണ്. സാമൂഹിക പ്രതിബദ്ധതയയുള്ള സംഘടനകളുടെ മാദ്ധ്യസ്ഥ്യം ഇതിന് അനിവാര്യവുമാണ്. അദ്ദേഹം പറഞ്ഞു. ജില്ല ഒന്നാം ക്ലാസ് അഡീഷനൽ ജഡ്ജി സി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജി ജോണി സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു.
ജെ.ഡി.ടി പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി പി.സി. അൻവർ എന്നിവർ സംസാരിച്ചു. എം.എസ്.എസ്. ജില്ല പ്രസിഡൻറ് റഹീം, സ്റ്റേറ്റ് സെക്രട്ടറി ആബിദ്, ജനറൽ സെക്രട്ടറി അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. ലീഗൽ സർവിസസ് ജില്ല സെക്രട്ടറി എ.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും മീഡിയേറ്റർ ട്രെയിനർ അഡ്വ. പി.കെ. നൂർബിന ബഷീർ നന്ദിയും പറഞ്ഞു.