കൽപ്പറ്റ: വിഷമില്ലാത്ത കണിവെള്ളരി കൊണ്ട് സമൃദ്ധിയുടെ കണിയൊരുക്കാൻ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കർഷകർ പാടത്തിറങ്ങുന്നു. അടുത്ത വിഷുവിന് വിളവെടുക്കാൻ പാകത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും അഞ്ചേക്കർ സ്ഥലത്താണ് കണിവെളളരി കൃഷിയിറക്കുന്നത്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും തരിശുഭൂമികളിലും പച്ചക്കറി കൃഷി നടത്താനാണ് ഉദ്ദേശിക്കുന്നത്. സുവർണ്ണ ശോഭയേറിയതും അത്യുൽപാദന ശേഷിയുമുളള കണിവെളളരികൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. നിലം ഒരുക്കലിനും വിത്തിറക്കുന്നതിനും കൃഷിവകുപ്പ് സഹായം നൽകും. അതത് പ്രദേശത്തെ വീട്ട്കൂട്ടങ്ങളും കർഷക ഗ്രൂപ്പുകളും പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ജൈവകൃഷിക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങളുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ടാകും. കിലയുടെ സഹകരണത്തോടെ കൽപ്പറ്റ മണ്ഡലത്തിൽ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പച്ചപ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പ്രകൃതി പഠന ക്യാമ്പ് ജനുവരി 9,10 തിയ്യതികളിൽ നടക്കുമെന്ന് കോർഡിനേറ്റർ കെ.ശിവദാസൻ യോഗത്തെ അറിയിച്ചു. മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് ക്യാമ്പ്. ഫെബ്രുവരി ആദ്യവാരത്തിൽ ആയിരത്തോളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് പുഴയോര സംരക്ഷണം, കാർബൺ ന്യൂട്രൽ ഫാർമേഴ്സ് ഫോറം രൂപീകരിച്ച് പഞ്ചായത്ത് തലത്തിൽ കാർഷിക ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി തുടങ്ങിയ പദ്ധതികൾ ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.എം. നാസർ,എൻ.സി പ്രസാദ്,ആർ യുമന,നോഡൽ ഓഫീസർ പി.യു ദാസ്, അസിസ്റ്റന്റ് കോർഡിനേറ്റർ സി.എം. സുമേഷ് എന്നിവർ സംസാരിച്ചു.
സ്യൂട്ട് കോൺഫറൻസ്
കൽപ്പറ്റ: ഡിസംബർ മാസത്തെ സ്യൂട്ട് കോൺഫറൻസ് ജനുവരി 1 ന് ഉച്ചയ്ക്ക് ശേഷം 3 ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. തുടർന്ന് ജില്ലാ എംപേർഡ് കമ്മിറ്റി യോഗവും നടക്കും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ലേലം
മാനന്തവാടി: മാനന്തവാടി താലൂക്ക് തൃശ്ശിലേരി വില്ലേജിൽ റി.സ 375/2 ൽ പ്പെട്ട 0.4047 ഹെക്ടർ നിലം ജനുവരി 15 ന് ഉച്ചയ്ക്ക് 3 ന് തൃശ്ശിലേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.ഫോൺ. 04935 240231.