കൽപ്പറ്റ: ജനുവരി ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും നിർമ്മാണവും സർക്കാർ നിരോധിച്ച സാഹചര്യത്തിൽ പ്ലാസ്റ്റിക് നിരോധനം ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് ജില്ലാ വികസന സമിതി നിർദേശിച്ചു. പ്ലാസ്റ്റിക്കിന് ബദലായി തുണി, കടലാസ് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് ജില്ലയിൽ പ്രചാരണം ശക്തമാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി സ്‌കൂൾ അസംബ്ലിയിൽ പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞയെടുക്കുവാനും ജില്ലാ ആസൂത്രണ ഭവനിൽ ചേർന്ന വികസന സമിതി യോഗം നിർദ്ദേശിച്ചു.

കൊളഗപ്പാറ പാതിരിപ്പാലം, വൈത്തിരി വളവ് എന്നിവിടങ്ങളിൽ ഇടക്കിടെ ഉണ്ടാകുന്ന റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് സി.കെ ശശീന്ദ്രൻ എം. എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കൊളഗപ്പാറ ഭാഗത്ത് ജാഗ്രതാ നിർദ്ദേശങ്ങടങ്ങിയ ബോർഡ് സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചതായും വൈത്തിരി വളവിൽ റോഡ് വീതി കൂട്ടി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുളള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു.

ബേഗൂർ തിരുനെല്ലി റോഡിലെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതുമായി സ്ഥലം കിട്ടുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികൾ നടക്കുന്നതാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എഞ്ചിനിയർ യോഗത്തെ അറിയിച്ചു.

ജില്ലയിൽ മൂന്ന് താലൂക്കുകളിലെ സർവ്വേ നടപടികൾ, കൽപ്പറ്റ മണ്ഡലത്തിലെ ആദിവാസി വീടുകളുടെ നിർമ്മാണ പുരോഗതി എന്നിവയും വിലയിരുത്തി.


വനത്തിനുള്ളിലെ കോളനികളുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് വനം വകുപ്പിൽ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ടെന്നും ആവശ്യമായ അപേക്ഷകൾ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിച്ചതായും ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു.

സുൽത്താൻ ബത്തേരി മുള്ളൻകൊല്ലി ട്രൈബൽ ഹോസ്റ്റലിന്റെ നിർമ്മാണം ജനുവരി അവസാനത്തോടെ പൂർത്തികരിക്കാൻ കഴിയുമെന്ന് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ പറഞ്ഞു.

കിഫ്ബിയിൽ ഉൾപ്പെടുത്തിയ കണിയാമ്പറ്റ, മേപ്പാടി, കാക്കവയൽ സ്‌കൂളുകളിലെ നിർമ്മാണ പുരോഗതിയും യോഗം ചർച്ച ചെയ്തു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാതൃകയിൽ വയനാട്ടിൽ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. വിശദമായ പ്രോജക്ട് റിപ്പോർട്ട് ഇതുസംബന്ധിച്ച് തയ്യാറാക്കി സമർപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


യോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ, എ.ഡി.എം തങ്കച്ചൻ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സുഭദ്ര നായർ, രാഹുൽ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എൽ പൗലോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.