കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറായിരുന്ന കെ.എം മുഹമ്മദ് ഹാജിയുടെ മക്കൾ കഴുത്തൂട്ടിപുറായി ജിഎൽപി സ്കൂളിന് സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്തിൻെറ കൈമാറി.
പഞ്ചായത്തിൽ ഏകാദ്ധ്യാപക വിദ്യാലയങ്ങളായി 1959ൽ സ്ഥാപിതമായ നാല് സ്കൂളുകളിൽ ഒന്നാണിത്.
രണ്ടേമുക്കാൽ ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നവീകരിച്ച കെട്ടിടത്തിന് "കെ.എം മുഹമ്മദ് ഹാജി സ്മാരക കെട്ടിടം'' എന്ന നാമകരണം ചെയ്യലും മകൻ കെ.എം.അബ്ദുൽകരീമിൽ നിന്ന് സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും പ്രമാണം ഏറ്റ് വാങ്ങലും തിരുവമ്പാടി എം.എൽ .എ ജോർജ് എം.തോമസ് നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങളാണ് കൊടിയത്തൂർ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. പൊതു വിദ്യാലയങ്ങളിൽ പഠന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഡസ്ക്, ബെഞ്ച് മുതലായവ വിതരണം ചെയ്തും എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ് ടോപ്, സൈക്കിളുകൾ മറ്റു പഠനോപകരണങ്ങൾ നൽകിയും, ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക ടൂർ പാക്കേജ് നടപ്പാക്കിയും, എല്ലാ വിധ പ്രോത്സാഹനവും നൽകുന്നുണ്ട്. ഇത് കഴുത്തൂട്ടിപുറായി സ്കൂളിന് സ്ഥല സൗകര്യം വിപുലപ്പെടുത്തുന്നതോടെ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനും സഹായകമായിരിക്കുകയാണെന്ന് ഹെഡ്മാസ്റ്റർ ആസാദ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് സ്ഥലവും കെട്ടിടവും സൌജന്യമായി വിട്ട് നൽകിയ അവകാശികളായ മക്കളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് ചെയർമാൻമാരായ വി.എ.സണ്ണി, ആമിന പാറക്കൽ, വാർഡ് മെമ്പർ ജമീല തൊട്ടിമ്മൽ, മെമ്പർമാരായ ചേറ്റൂർ മുഹമ്മദ് ,കെ.സി. നാടിക്കുട്ടി, എസ്.എം.സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ, സത്താർ കൊളക്കാടൻ, ഗിരീഷ് കാരക്കുറ്റി, റസാക് കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ചെയർമാൻ കെപി ചന്ദ്രൻ സ്വാഗതവും സ്വാലിഹ് മാസ്റ്റർ നന്ദിയും പറഞ്ഞു.