വടകര: യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ സ്‌കൂള്‍ വരാന്തയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. മണിയൂര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ 18 ന് നടന്ന ഹിന്ദി പരീക്ഷ വരാന്തയില്‍ ഇരുത്തിഎഴുതിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയില്‍ നിന്നു മൊഴിയെടുത്തു. കണക്ക് അദ്ധ്യാപികയും ഹിന്ദി അദ്ധ്യാപികയും ചേര്‍ന്ന് പ്രധാന അദ്ധ്യാപകന്റെ മുറിയുടെ പുറത്തെ വരാന്തയില്‍ ഇരുത്തി പരീക്ഷ എഴുതിച്ചത് കാരണം കുട്ടി മാനസികമായി തകര്‍ന്നതായും പിതാവ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് സംബന്ധിച്ച് 19 ന് പ്രധാന അദ്ധ്യാപകന് പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടായില്ല. പി.ടി.എയും സ്‌കൂള്‍ അധികൃതരും കുട്ടിക്കെതിരെ അപവാദ പ്രചരണം നടത്തി കൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു. കുട്ടിക്ക് തുടര്‍ പഠനം സാദ്ധ്യമല്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. സമഗ്രാന്വേഷണം നടത്തി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയരക്ടര്‍, ഉപ ഡയരക്ടര്‍, വടകര ഡി.ഇ.ഒ, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്നിവര്‍ക്കും രക്ഷിതാവ് പരാതി നല്‍കി. അടുത്ത ദിവസം മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാവ്.