മുക്കം: കള്ളന്റെ കരുണ കാത്ത് കരളുരുകി കഴിയുകയാണ് അദ്ധ്യാപകനായ പന്നിക്കോട് പരപ്പിൽ ഉണ്ണികൃഷ്ണൻ. അദ്ധ്യാപകജോലി ഉൾപ്പെടെ ഉണ്ണിക്കൃഷ്ണന്റെ സർവ്വതും കള്ളന്റെ കരങ്ങളിലാണ്. കള്ളൻ കനിഞ്ഞാൽ ഉണ്ണികൃഷ്ണന് കുവൈത്തിലേയ്ക്ക് മടങ്ങാം. അവിടെ ഇന്ത്യൻ സ്കൂളിൽ അദ്ധ്യാപക ജോലി തുടരാം. ഇല്ലെങ്കിൽ... അത് ചിന്തിക്കാനാവില്ല. ആറു വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകൻ ഇക്കഴിഞ്ഞ 23 നാണ് നാട്ടിലെത്തിയത്. രാത്രിയിൽ നെട്ടുമ്പാശ്ശേരിയിലെത്തിയ ഉണ്ണികൃഷ്ണൻ ഏറെ നേരം കാത്തിരുന്നിട്ടും വോൾവോ ബസ്സ് കിട്ടാഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അങ്കമാലി ബസ്സ് സ്റ്റാന്റിലേയ്ക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചു. 8.30 ഓടെ ബസ്സിൽ കയറിപ്പറ്റിയപ്പോളാണ് ഉണ്ണികൃഷ്ണന്റെ ഉള്ളു കാളിയത്. പാന്റ്സിന്റെ പോക്കറ്റിൽ പേഴ്സ് ഇല്ല. പേഴ്സിലാണ് എല്ലാം.
രണ്ട് ഇന്ത്യൻ എ ടി എം കാർഡ്, ഒരു കുവൈറ്റ് എ ടി എം കാർഡ്, ആധാർ കാർഡ്, 5,000 രൂപ ഏതാനും കുവൈറ്റ് ദിനാർ. കൂട്ടത്തിൽ കുവൈത്ത് സിവിൽ ഐ ഡി കാർഡും. ഇതില്ലാതെ തിരിച്ചു പോകാനാവില്ല. പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്താൽ കുവൈറ്റിലേക്ക് പോകാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ സിവിൽ ഐഡി നിർബന്ധമാണ്. ജനുവരി 4 നാണ് ഉണ്ണികൃഷ്ണന് തിരിച്ചു പോകേണ്ടത്. പണം പോയാലും രേഖകൾ തിരിച്ചു കിട്ടണമെന്ന ഒരേ ഒരാഗ്രഹമേ ഇദ്ദേഹത്തിനുള്ളു. 22 വർഷമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും 6 വർഷമായി കുവൈറ്റിലും ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന് ഇത്തരമൊരനുഭവം ആദ്യമാണ്. കള്ളൻ കനിയുമെന്നും രേഖകൾ തിരിച്ചു കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണൻ.