വടകര: പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷാമിയുമായി കെ.മുരളീധരന്‍ എം.പി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍ ജി.ആനന്ദ്, സീനിയര്‍ ഡിവിഷനല്‍ റെയില്‍വേ ഓപ്പറേഷനല്‍മാനേജര്‍ പി.എല്‍ അശോക് കുമാര്‍, ഡിവിഷനല്‍ എഞ്ചിനീയര്‍ മുഹമ്മദ് ഇസ്ലാം, ഡപ്യൂട്ടി ചീഫ് എൻജിനീയര്‍ ഐ.പ്രഭാകരന്‍ എന്നിവരും പങ്കെടുത്തു. വടകര, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളില്‍ എസ്‌കലേറ്റര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക, വടകരയിലെ റെയില്‍വേ കുളം ശുദ്ധജലത്തിനായി ഒരുക്കുക, കൊയിലാണ്ടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ നിര്‍ദേശം നല്‍കുക, റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യത്തിന് ലൈറ്റുകള്‍ സ്ഥാപിക്കുക, കൊയിലാണ്ടിയില്‍ നേത്രാവതി, ഏറണാകുളം ഇന്റര്‍സിറ്റി, കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് എന്നിവയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കുക, വടകരയില്‍ യാത്രക്കാര്‍ സൗകര്യപ്രദമായി പ്ലാറ്റ്‌ഫോമിന്റെ ഉയരം വര്‍ധിപ്പിക്കുക, വടകരയില്‍ ഏറണാകുളം എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, തലശേരിയില്‍ പ്ലാറ്റഫോമിന് മുഴുവന്‍ മേല്‍ക്കൂര പണിയുക, തലശേരിയില്‍ രണ്ടാം പ്ലാറ്റ്‌ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക, തലശേരിയില്‍ പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തുക, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കുക, ജഗന്നാഥ ടെമ്പിള്‍ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തുക, വടകര കോട്ടക്കടവ് മേല്‍പാലം നിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ എം.പി റെയില്‍വേ അധികാരികള്‍ക്ക് സമര്‍പ്പിച്ചു.